വേങ്ങേരി ഓവർപാസ് മടുത്ത് ജനങ്ങൾ; കുഴങ്ങി കരാറുകാർ
text_fieldsബസിന് കടന്നുപോകാൻ വീതിയിൽ പാലം നിർമിക്കാൻ വേങ്ങേരി ദേശീയപാതയിൽ മണ്ണ്
നീക്കം ചെയ്യുന്നു
വേങ്ങേരി: വേങ്ങേരി ജങ്ഷനിലെ ഓവർപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണംമൂലം വലഞ്ഞ് ജനങ്ങൾ. ഒരുമാസത്തോളമായി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം യാത്രക്കാർ വലയുകയാണ്. രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രികളിൽ എത്തിക്കാനും വിദ്യാർഥികളെ സ്കൂളിലയക്കാനും രക്ഷിതാക്കൾ ഏറെ പ്രയാസപ്പെടുന്നു.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികളെ ഇറക്കിവിടുകയാണ്. സ്വന്തം വാഹനങ്ങളും മറ്റുമായി രക്ഷിതാക്കൾ വഴിയരികിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജിപ്കയുടെ കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കമാണ് നിർമാണപൂർത്തീകരണം വൈകിക്കുന്നത്.
ദേശീയപാത രൂപരേഖ ഉണ്ടാക്കുന്നതിനു മുമ്പ് ജല അതോറിറ്റി നൽകിയ പ്ലാനിൽ ഈ പൈപ്പ് ദേശീയപാതക്കരികിൽ മൂന്നു മീറ്ററിനുള്ളിലാണെന്നാണ് അറിയിച്ചത്. ഇതിനനുസരിച്ചാണ് റോഡും ഓവർ പാസും പ്ലാൻ ചെയ്തത്. ജലവിഭാഗം കുടിവെള്ള പൈപ്പ് സ്ഥാപിച്ചത് ദേശീയപാതയിലാണ്. എന്നാൽ പ്ലാനിൽ ഇത് സർവിസ് റോഡിലാണ്. പ്ലാൻ പ്രകാരം കുഴിയെടുത്തത് വിതരണ പൈപ്പ് പൊട്ടാൻ ഇടയാക്കിയിരുന്നു.
കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിച്ചാൽ മാത്രമേ ഓവർ പാസ് രണ്ടാംഘട്ട നിർമാണം നടത്താൻ കഴിയൂ എന്നതിനാൽ 220 മീറ്റർ പൈപ്പിന് ഓർഡർ ചെയ്തിരിക്കുകയാണ്. നിർമാണം പൂർത്തിയാക്കി എന്ന് എത്തുമെന്ന് പറയാൻപോലും കരാറുകാർക്ക് പറ്റുന്നില്ല. കോഴിക്കോട് -ബാലുശ്ശേരി റോഡിൽ ദേശീയപാതക്കുകുറുകെ ഓവർ പാസിന്റെ 15 മീറ്റർ നിർമാണം പൂർത്തിയായിട്ടുണ്ട്.
ബാലുശ്ശേരി ഭാഗം തൊട്ടുള്ള ശേഷിക്കുന്ന 15.2 മീറ്റർ ഓവർ പാസ് നിർമിക്കുന്നതിന് തൂൺ സ്ഥാപിക്കാൻ ജിപ്കയുടെ കുടിവെള്ള പൈപ്പ് മാറ്റണമെന്ന് വിദഗ്ധർ നിർദേശം നൽകിയത്. ഇതിന് സമയമെടുക്കുമെന്നതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് ബാലുശ്ശേരി ഭാഗത്തേക്ക് ഒരു ബസിന് കടന്നുപോകാൻമാത്ര വീതിയിൽ പാലം നിർമാണം പൂർത്തിയാക്കാൻ മണ്ണെടുപ്പ് തുടങ്ങിയതായി കരാറുകാർ അറിയിച്ചു. ഇതിനും രണ്ടുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

