മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ക്ഷേമനിധി വിഹിതം അടച്ചില്ലെങ്കിലും അർബുദരോഗികൾക്ക് പെൻഷൻ
text_fieldsമമ്പാട്: അർബുദരോഗികൾ ക്ഷേമനിധി വിഹിതം തുടർച്ചയായി അടക്കാതിരുന്നാലും പെൻഷൻ അനുവദിക്കാമെന്ന് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡ് തീരുമാനിച്ചതായി ജില്ല ശിശുവികസന ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മമ്പാട് പഞ്ചായത്തിലെ തെക്കുംപാടം അംഗൻവാടിയിൽ 1998 മുതൽ 2002 വരെ പ്രവർത്തിച്ച അംഗൻവാടി വർക്കർക്ക് ക്ഷേമനിധി വിഹിതം തുടർച്ചയായി അടക്കാത്ത സാഹചര്യത്തിൽ അർബുദരോഗിയാണെന്ന മാനുഷിക പരിഗണന നൽകി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശപ്രകാരം സമർപ്പിച്ച നടപടി റിപ്പോർട്ടിലാണ് ജില്ല ഓഫിസർ ഇക്കാര്യം അറിയിച്ചത്.
മരുന്ന് വാങ്ങാൻപോലും ബുദ്ധിമുട്ടുകയാണെന്ന് പരാതിപ്പെട്ട് വണ്ടൂർ കാപ്പിൽ സ്വദേശിനി സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കെ. ബൈജുനാഥ് നിർദേശം നൽകിയിരുന്നു. 2019-20 കാലയളവിൽ തുടർച്ചയായി ക്ഷേമനിധി വിഹിതം അടക്കാത്തതിനാലാണ് പെൻഷൻ വിതരണം ചെയ്യാതിരുന്നതെന്ന് ജില്ല ഓഫിസർ കമീഷനെ അറിയിച്ചു. അർബുദരോഗിയാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

