12 ആടുകളെ പുലി പിടിച്ചു; ഉമൈറിന് താങ്ങായി കീഴാറ്റൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും
text_fieldsമുള്ള്യാകുർശിയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്: 12 ആടുകളെ പുലിപിടിച്ച കർഷകൻ ഉമൈറിന് താങ്ങായി കീഴാറ്റൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. കീഴാറ്റൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ഗോട്ട് സാറ്റലൈറ്റ് യൂനിറ്റിന് ഉമൈർ മാട്ടുമ്മത്തൊടി അർഹനായി.
മുള്ള്യാകുർശ്ശി മലയോരത്ത് താമസിക്കുന്ന ഉമൈറിന് പുലിയുടെ ആക്രമണം എന്നും ഭീഷണിയാണ്. കഴിഞ്ഞ വർഷം ഉമൈറിന്റെ 12 ആടുകളെയാണ് പുലി പിടിച്ചത്. തെളിവുകൾ അവശേഷിക്കാതെ നഷ്ടമാവുന്നത് കാരണം നഷ്ടപരിഹാരം ലഭിക്കാൻ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഉമൈറിനെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.
നാലുമാസത്തിനും ആറുമാസത്തിനും ഇടയിൽ പ്രായമുള്ള അഞ്ചു പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങി സുരക്ഷിതമായ കൂട്ടിൽ ഇൻഷുർ ചെയ്ത് വളർത്താൻ 50 ശതമാനം സബ്സിഡി നൽകുന്നതാണ് പദ്ധതി. ഇതിന്റെ ഉദ്ഘാടനം കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ. ലൈല കരുമാരത്തൊടി സംബന്ധിച്ചു.