അനധികൃത മദ്യവിൽപന: രണ്ടിടത്തായി മൂന്ന് പേർ അറസ്റ്റിൽ
text_fieldsപട്ടിക്കാട്: വിൽപനക്കായി അനധികൃതമായി മദ്യം സൂക്ഷിച്ചയാൾ അറസ്റ്റിൽ. വടക്കുംപാടത്ത് അനധികൃതമായി 50 കുപ്പി മദ്യം (25 ലിറ്റർ) വിൽപനക്കായി സൂക്ഷിച്ച പട്ടിക്കാട് വടക്കുംപാടം ചള്ളിവീട്ടിൽ രവിയെയാണ് (54) തൃശൂർ റേഞ്ച് പ്രിവന്റിവ് ഓഫിസർ ടി.ജി. മോഹനനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
വലിയ അളവിൽ മദ്യം ശേഖരിച്ച് അമിത വിലക്ക് വിൽപന നടത്തുകയായിരുന്നു. പ്രതിക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗ്രേഡ് പ്രിവന്റിവ് ഓഫിസർ ശിവൻ, എക്സൈസ് ഉദ്യോഗസ്ഥരായ വിശാൽ, റെനിൽ, ലിയോ, ശ്രീജിത്ത്, അരുണ എന്നിവർ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
തിരുവില്വാമല: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച രണ്ടുപേർ അറസ്റ്റിൽ. ആക്കപ്പറമ്പ് മടപ്പുള്ളിപടിയിൽ നാരായണൻ (57), ഒരലാശ്ശേരി പന്തല്ലൂർപടിയിൽ പ്രഭ (41) എന്നിവരെയാണ് പഴയന്നൂർ എക്‌സൈസ് സംഘം പിടികൂടിയത്. ഇരുവരിൽനിന്ന് നാല് ലിറ്റർ വീതം ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. പഴയന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സജിതയുടെ നേതൃത്വത്തിലായിരുന്നു നടപടി.