തെരുവുനായുടെ ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്
text_fieldsതെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈ
പട്ടിക്കാട്: മണ്ണാർമലയിലും പരിസരങ്ങളിലും തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥികളടക്കം അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. നായുടെ കടിയേറ്റ് കുട്ടികളുടെ കൈകളിലും ശരീരത്തിലുമാണ് പരിക്കേറ്റത്. മണ്ണാർമല പള്ളിപ്പടിയിൽ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികളെ തെരുവുനായ് ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് മൂന്നും ഒമ്പതും വയസ്സുള്ള കുട്ടികൾക്ക് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിന് മുമ്പ് പട്ടിക്കാട് സ്കൂൾപടി, കാരക്കുന്ന്, മണ്ണാർമല ആലുങ്ങൽ എന്നിവിടങ്ങളിൽ മൂന്ന് പേരെ കടിച്ച നായ് പള്ളിപ്പടി ഭാഗത്ത് എത്തിയെന്നാണ് നിഗമനം. കാരക്കുന്നിൽ എട്ട് വയസ്സുള്ള കുട്ടിക്കും ആലുങ്ങലിൽ 13 വയസ്സുള്ള കുട്ടിക്കും പട്ടിക്കാട് സ്കൂളിന് സമീപം ഒരു കുട്ടിക്കുമാണ് കടിയേറ്റത്. തെരുവുനായയെ പിടികൂടാനായിട്ടില്ല. കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

