മണ്ണാർമലയിൽ ബേക്കറിക്ക് തീപിടിച്ചു
text_fieldsപട്ടിക്കാട്: മണ്ണാർമല ജങ്ഷനിൽ ബേക്കറിക്ക് തീപിടിച്ച് വൻ നഷ്ടം. ജിത്തൂസ് ബേക്കറി ആൻഡ് കൂൾബാർ സ്ഥാപനമാണ് പൂർണമായി കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണാർമല സ്വദേശിയായ പുളിയക്കുത്ത് ഹൈദരലിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
കടയിലുണ്ടായിരുന്ന ഭരണികൾ, പഴങ്ങൾ, ബേക്കറി സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം അഗ്നിക്കിരയായി. തീ അതിവേഗം ആളിപ്പടർന്നതിനാൽ നാട്ടുകാർക്ക് അണക്കാനായില്ല. കടയുടെ അകത്തുള്ളവർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ കടകൾക്കും നാശമുണ്ടായി.
മേലാറ്റൂർ എസ്.ഐ സനീതിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പെരിന്തൽമണ്ണയിലെ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ വി. അബ്ദുൽ സലീം, പി. മോഹനൻ, ഫയർ ഓഫീസർമാരായ സനൂജ്, മുഹമ്മദ് ഷിബിൻ, രഞ്ജിത്ത്, നിഷാദ്, ഹോം ഗാർഡമാരായ പി.കെ. രാമകൃഷ്ണൻ, പി.വി. വിശ്വനഥൻ, കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.