പുതിയ ഉറപ്പിന്ആയുസ്സ് 30 നാൾ; തുറക്കുമോ തുരങ്കപാത?
text_fieldsപട്ടിക്കാട്: പലതവണ കേരളീയ സമൂഹത്തോട് വാക്ക് പറഞ്ഞ് വഞ്ചിച്ച നിർമാണ കമ്പനിയുടെ പുതിയ വാഗ്ദാനത്തിന് അവശേഷിക്കുന്നത് 30 നാൾ മാത്രം. സ്ഥാനത്തെ ആദ്യ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കുമെന്ന ധാരണ നടപ്പിലാവുമോ. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ കെ.എം.സി രക്ഷപ്പെടാൻ സമയം നൽകിയതാണോ. അതോ സത്യസന്ധമാണോ.
മുഖ്യമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് കെ.എം.സി എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാലിയേക്കര ടോൾപ്ലാസക്ക് സമാനം പണി പൂർത്തിയാക്കാതെ തുറന്നു കൊടുക്കുമോ എന്നാണ് ആശങ്ക. 2012ൽ നിർമാണം പൂർത്തിയാക്കാതെ തുറന്ന പാലിയേക്കര ടോൾപ്ലാസയിൽ ചുങ്കം കൂട്ടുന്നത് മാത്രമാണ് പ്രകടമായ മാറ്റം. ആ അനുഭവം ആയിരിക്കുമോ കുതിരാനിലും സംഭവിക്കുക. നിർമാണത്തിലെ അശാസ്ത്രീയത മൂലം അപകട മരണങ്ങൾ ഇപ്പോൾ തന്നെ പെരുകുന്ന മേഖലയിൽ കൂടുതൽ അപകടങ്ങൾക്കാവും ഇത് വഴിവെക്കുക.
തുരങ്കത്തിനുള്ളിലെ സുരക്ഷ
തുരങ്കനിർമാണവുമായി ബന്ധമില്ലാത്ത അശാസ്ത്രീയ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കത്തിനുള്ളിലെ സുരക്ഷ നടപടികൾ എങ്ങുമെത്തിയിട്ടില്ല. തുരങ്കത്തിനുള്ളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചെയ്തത്. വൈദ്യുതി വയർ നടപ്പാതയിലൂടെയും ഡ്രൈനേജിലൂടെയും കടന്നുപോകുന്നതിനാൽ അപകട സാധ്യതയുണ്ട്. എക്സ്ഹോസ്റ്റ് ഫാനിെൻറ പ്രവർത്തനങ്ങൾ മുഴുവനായി പൂർത്തീകരിച്ചില്ലെങ്കിൽ വാഹനങ്ങളുടെ പുക, പൊടി എന്നിവയും അപകട സാധ്യത ഉണ്ടാക്കും. തുരങ്കത്തിനുള്ളിലെ നടപ്പാത പൂർത്തീകരിക്കാനായിട്ടില്ല. കോൺക്രീറ്റ് ചെയ്യാത്ത ഭാഗങ്ങളിൽ ശക്തമായ നെറ്റ് (വയർമെഷ്) ഉപയോഗിച്ചില്ലെങ്കിൽ കല്ലു വീഴ്ചക്ക് സാധ്യതയുണ്ട്. ഇരുമ്പുപാലം ഭാഗത്തു നിന്നും വഴുക്കുംപാറ ഭാഗത്തേക്ക് വെള്ളം ഒഴുകി പോകുന്നതിന് സഥിരം ഡ്രൈനേജ് ക്ലീനിങ് സംവിധാനം വേണം.
തുരങ്കമുഖത്തിനു മുകളിൽ അപകട സാധ്യത
തുരങ്കമുഖത്തിനു മുകളിൽ വൻതോതിൽ മണ്ണും മരങ്ങളും മാറ്റിയത് അപകടത്തിന് കാരണമാവും. ഈ ഭാഗത്ത് കോൺക്രീറ്റിങ് തുടങ്ങിയെങ്കിലും ഇത് അവസാനിക്കാൻ ഒരു മാസത്തിലധികം വേണ്ടി വരും. തുരങ്ക മുഖത്തിന് മുകളിൽ നേരത്തെ ഉണ്ടായിരുന്ന മണ്ണ് 15 മീറ്ററിൽ മാറ്റിയത് മഴക്കാലത്ത് മല തന്നെ മൊത്തമായി താഴേക്ക് വരുന്നതിനുള്ള സാധ്യതയാണുള്ളത്. ഇതിന് പരിഹാരമായി മണ്ണു മാറ്റിയ ഭാഗത്തിൽ കാച്ച് വാച്ചർ ഡ്രൈനേജ് പണിത് ഇരു തുരങ്കങ്ങളിലുള്ള ഡ്രൈനേജ് ബന്ധിപ്പിക്കണം.