പട്ടർക്കടവ് ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടം വരുന്നു
text_fieldsമലപ്പുറം: നഗരസഭയുടെ പട്ടർക്കടവ് ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രമം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഏഴുകോടി രൂപ ചെലവിലാണ് കെട്ടിടം യാഥാർഥ്യമാകുക. ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടത്തിലാണ് ആശുപത്രി ആരംഭിക്കുക. പാർക്കിങ്ങിന് പ്രത്യേക സൗകര്യവും പദ്ധതിയിലുണ്ട്. ആദ്യത്തെ നിലയിൽ റിസപ്ഷനും ഒ.പിയും ഫാർമസിയും പ്രവർത്തിക്കും. രണ്ടാമത്തെ നിലയിൽ കിടത്തി ചികിത്സയും ആയുഷ് യോഗ ക്ലിനിക്കുമുണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനം ആരംഭിക്കാനാണ് നഗരസഭ തീരുമാനം. ഇതോടെ ആശുപത്രി താൽക്കാലികമായി പട്ടർക്കടവിലെ ബഡ്സ് സ്കൂൾ കെട്ടിടത്തിനോട് ചേർന്നോ, വാടക കെട്ടിടത്തിലേക്കോ മാറ്റും. നിലവിൽ 20 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 2.30 വരെ പ്രവർത്തിക്കുന്ന ഒ.പിയിൽ രണ്ട് ഡോക്ടർമാരുടെ സേവനവുമുണ്ട്. നഴ്സുമാർ, അറ്റന്റർ തുടങ്ങിയവരുടെ സേവനവും ലഭ്യമാണ്. കിടത്തി ചികിത്സക്ക് 15 ബെഡുകളുമുണ്ട്. പുതിയ കെട്ടിടത്തിൽ കൂടുതൽ ബെഡുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

