തിരൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങി
text_fieldsതിരൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ യാത്രക്കാരെ തിരൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച ലിഫ്റ്റിൽ രണ്ടു കുട്ടികളടക്കമുള്ള ഏഴു യാത്രക്കാർ കുടുങ്ങി. രണ്ടര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇവരെ പുറത്തെത്തിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ സൗജത്ത് (62), ഷംസുദ്ദീൻ (68), ഹംദാൻ (10), മൻഹ (13), ഷിറാസ് (43), അരീക്കോട് കാവനൂർ സ്വദേശികളായ കൃഷ്ണൻ (60), രമണി (54) എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 8.50ഓടെയാണ് സംഭവം. തിരൂരിൽനിന്ന് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് രാവിലെ 9.22നുള്ള വന്ദേഭാരത് എക്സ്പ്രസിൽ പോകാനായെത്തിയവരാണിവർ. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലാണ് ലിഫ്റ്റ്. ലിഫ്റ്റ് തകരാറിലായെന്നാണ് ആദ്യം റെയിൽവേ അധികൃതർ കരുതിയത്. എന്നാൽ, മറ്റു യാത്രക്കാരാണ് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റെയിൽവേ പൊലീസിനെ അറിയിച്ചത്. ആർ.പി.എഫ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും ടി.ഡി.ആർ.എഫ് വളന്റിയർമാരും ചേർന്ന് 11.30ഓടെ ലിഫ്റ്റിന്റെ മേൽഭാഗം മുറിച്ചുമാറ്റിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
കീ ഉപയോഗിച്ച് ഡോർ തുറന്ന് രക്ഷപ്പെടുത്താൻ സാധിക്കാത്തവിധം ലിഫ്റ്റ് ചുമരുകൾക്കിടയിൽ കുടുങ്ങിയിരുന്നു. മാന്വലായി താഴേക്ക് എത്തിക്കാനോ മുകളിലെ ഡോർവേയിൽ എത്തിക്കാനോ സാധിക്കാത്തവിധം ലിഫ്റ്റ് പ്രവർത്തനരഹിതവുമായി. സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും പരാജയപ്പെട്ടപ്പോൾ ലിഫ്റ്റിന്റെ മുകൾഭാഗം ഇലക്ട്രിക് കട്ടറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ലിഫ്റ്റിനകത്ത് ഒരു ഹൃദ്രോഗിയും കാലിന് ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു.
തിരൂർ ഫയർ സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി. അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.പി. ഗിരീശൻ, അബ്ദുല്ല മണപ്പാട്ടിൽ, ഫയർ ഓഫിസർമാരായ സന്ദീപ്, നസീർ, കിരൺ, നൗഫൽ, സുജിത്ത് സുരേന്ദ്രൻ, എസ്. പ്രഭീത്, രാജേഷ് കുമാർ, ഹോം ഗാർഡുമാരായ സി.കെ. മുരളീധരൻ, സുരേശൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കെ. നസീർ ലിഫ്റ്റ് പൊളിച്ച വിടവിലൂടെ താഴെ ഇറങ്ങി ഓരോരുത്തരെയായി മുകളിലെത്തിച്ചു. തുടർന്ന് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ സ്ട്രെച്ചറുകൾ ഉപയോഗിച്ച് ആംബുലൻസിലും മെഡിക്കൽ സംഘത്തിനടുത്തും എത്തിച്ചു. സാങ്കേതിക തകരാർ മൂലമാണ് തകരാറെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റിൽ കുടുങ്ങിയ യാത്രക്കാരെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് തിരൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

