മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി കൊറിയർ ഓഫിസ് നിലച്ചു; യാത്രക്കാർ ദുരിതത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: മഞ്ചേരി ഐ.ജി.ബി.ടി സ്റ്റാൻഡിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസിന്റെ ഓഫിസ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവിസ് നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണ് പ്രതിസന്ധിക്ക് കാരണം.
ഇക്കാരണത്താൽ തന്നെ മലപ്പുറം, നിലമ്പൂർ, തിരൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി കൊറിയർ ഓഫിസുകളും നാല് ദിവസമായി പ്രവർത്തിക്കുന്നില്ല. ജില്ലയിലെ അഞ്ച് സെന്ററുകളിൽ പെരിന്തൽമണ്ണയിൽ മാത്രമാണ് നിലവിൽ കൊറിയർ സർവിസ് ഉള്ളത്. മഞ്ചേരിയിൽ കൊറിയർ സെന്ററിനേക്കാൾ യാത്രക്കാർക്ക് ഉപകാരമായിരുന്നത് ഇവിടെത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസായിരുന്നു.
മഞ്ചേരിയിലെ കൊറിയർ ഓഫിസിലെ ജീവനക്കാർ തന്നെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിലെ അധിക ഡ്യൂട്ടിയും എടുത്തുപോന്നിരുന്നത്. കൊറിയർ ഓഫിസ് അടച്ചതോടെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സേവനവും നിലച്ചു. അന്വേഷണത്തിന് ആളില്ലാത്തിനാൽ ദീർഘദൂര ബസുകൾക്ക് ബുക്ക് ചെയ്ത് വരുന്നവർ അടക്കം ഒട്ടേറെ പേരാണ് ഇവിടെ പ്രയാസം അനുഭവിക്കുന്നത്.
കഴിഞ്ഞ 16 മുതലാണ് ആന്ധ്ര ആസ്ഥാനമായുള്ള കമ്പനി കെ.എസ്.ആർ.ടി.സിയുടെ കൊറിയർ നടത്തിപ്പ് ഏറ്റെടുത്തു തുടങ്ങിയത്. 12 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്നതിന് 715 രൂപയാണ് നൽകി വന്നിരുന്നത്. സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ ജീവനക്കാരെ നിയമിക്കൽ അവരുടെ പരിധിയിൽ പെടുന്ന കാര്യമായി. എംപാനൽ ലിസ്റ്റിലുള്ളവരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനിക്ക് കീഴിൽ ജോലിയിൽ തുടരാൻ താൽപര്യപ്പെട്ടതുമില്ല.
പുതുതായി നിയമിച്ചവർക്ക് പുതിയ സോഫ്റ്റ്വെയറിലുള്ള പരിശീലനത്തിന് അടക്കം സമയമെടുക്കുമെന്നതിനാൽ മഞ്ചേരിയിൽ അടക്കം കൊറിയർ സെന്ററർ പുനരാരംഭിക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
മഞ്ചേരിയിൽനിന്നും മലപ്പുറം ഡിപ്പോയിൽ നിന്നും പുതിയ സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കേയാണ് സ്റ്റേഷൻ മാസ്റ്റർ സംവിധാനം ഉണ്ടായിരുന്ന ലോജിസ്റ്റിക് കേന്ദ്രത്തിന് താഴ് വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

