പറപ്പൂർ കുറുമ്പക്കാവ് താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച
text_fieldsപറപ്പൂർ കുറുമ്പക്കാവ് താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള നിശ്ചയം കുറിക്കൽ ചടങ്ങ്
കോട്ടക്കൽ (മലപ്പുറം): പ്രസിദ്ധമായ പറപ്പൂർ കുറുമ്പക്കാവ് താലപ്പൊലി മഹോത്സവം 27ന് വെള്ളിയാഴ്ച നടക്കും. നിശ്ചയം കുറിക്കൽ ചടങ്ങ് ക്ഷേത്രത്തിലെ പരമ്പരാഗത അവകാശികളുടേയും, ക്ഷേത്ര സമിതി ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിൽ ആചാരവിധികളോടെ ഭക്തിസാന്ദ്രമായി നടന്നു. ആവേനും ചോപ്പനും നിശ്ചയം കുറിക്കൽ ചടങ്ങിന് ശേഷം ആർപ്പ് വിളികളും ചെണ്ട വാദ്യവുമായി ക്ഷേത്രത്തിലെ പ്രധാന അവകാശികളിൽപ്പെട്ട നരിയഞ്ചേരി തറവാട്ടിൽ എത്തി. അവിടുത്തെ ചടങ്ങുകൾക്ക് ശേഷം ദേവി ചൈതന്യവുമായി ആവേനും ചോപ്പനും ഇനിയുള്ള ദിവസങ്ങളിൽ ദേശത്തെ ഹൈന്ദവ വീടുകളിലെത്തി അരിയെറിഞ്ഞു ദേവിയുടെ ആശീർവാദമറിയിച്ച് ഉത്സവത്തിന് ക്ഷണിക്കും. കിഴക്കേ കോവിലകത്തിന്റെ ആസ്ഥാനമായ കോട്ടക്കലിലും ഇവരെത്തും. നിലവിളക്കും പറയും വെച്ചാണ് വീട്ടുക്കാർ സ്വീകരിക്കുക
ശേഷം ദേശത്തെ പൂതനും, കാളയും വെവ്വേറെ സംഘങ്ങളായി മുഴുവൻ വീടുകളിലും കയറിയിറങ്ങും. ഉത്സവത്തിന്റെ തലേദിവസം വലിയ പന്തലിനുള്ള കാൽ നാട്ടും. ഉത്സവത്തിന് പുറത്തേക്ക് എഴുന്നെള്ളുന്ന ഭഗവതിയെ കുടിയിരുത്തുന്നത് ഈ പന്തലിൽ നിർമിക്കുന്ന താത്കാലിക അമ്പലത്തിലാണ്. വെള്ളിയാഴ്ച പുലർച്ചെ നാലരക്ക് നട തുറക്കും., കാവ് ഉണർത്തൽ, ഉഷപൂജ, കവുങ്ങ് എഴുന്നെള്ളിപ്പ്, ഉച്ചപൂജ, എളമരം നാട്ടൽ, കളമെഴുത്ത്, സന്ധ്യാവേല, തായമ്പക,അത്താഴപൂജ, വിളക്കിന്റെ വെളിച്ചപ്പാട്,ദേവിയെ പുറത്തേക്ക് എഴുന്നെള്ളിപ്പ്, കളം പൂജ, തായമ്പക, പരദേവതയുടെ വെളിച്ചപ്പാട്,ഭൂതം കളി, താലപ്പൊലി എഴുന്നെള്ളിപ്പ് തുടങ്ങിയ ചടങ്ങുകളും നടക്കും. ഉച്ചയോടെ പ്രസാദ ഊട്ട് ആരംഭിക്കും.
വൈകുന്നേരം നാലു മണിയോടെ ദേശത്തെ അവകാശകാള എത്തുന്നതോടെ വിവിധ ദേശങ്ങളിൽനിന്ന് ഇണ പൊയ്കാള വരവുകൾ ക്ഷേത്രത്തിലെത്തി തുടങ്ങും. ശനിയാഴ്ച രാവിലെ നടക്കുന്ന വടക്കൻ വാതുക്കൽ കർമ്മം, അരിയേറ്,നായാട്ട്പുറാട്ട്, ദണ്ഡ് നാട്ടി കർമ്മങ്ങൾ, പുഴയിൽ ദണ്ഡ് ഒഴുക്കൽ, അരിയളവ് എന്നീ ചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ദേവിയെ മേളത്തോടുകൂടി ക്ഷേത്രത്തിലേക്ക് തിരിച്ചു എഴുന്നെള്ളിച്ച് നടയടക്കുന്നതോടെ മഹോത്സവത്തിന് സമാപനമാകും. ഉത്സവം ഭംഗിയായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം രാധാകൃഷ്ണൻ, സെക്രട്ടറി രവിനാഥ് ഇന്ദ്രപ്രസ്ഥം, സുധാകരൻ കോട്ടക്കൽ, സി.പി രാധാകൃഷ്ണൻ, പി.അറുമുഖൻ,എ. കൃഷ്ണകുമാർ, എം.സുബ്രഹ്മണ്യൻ, പ്രഭാശങ്കർ, രാജൻ, പി.ബാലൻ, ചൂലൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

