പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്
text_fieldsമലപ്പുറം: പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്പൂർ എക്സ്പ്രസിനും തിരുനാവായ സ്റ്റേഷനിൽ ഷൊർണൂർ-കണ്ണൂർ മെമു എക്സ്പ്രസിനും സ്റ്റോപ് അനുവദിച്ചു. കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും സ്റ്റോപ് പുനഃസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി എം.പി വ്യക്തമാക്കി. യശ്വന്ത്പൂർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ് അനുവദിക്കുകയെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് എല്ലാ ദിവസവുമുള്ള ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ് അനുവദിച്ചത് ബംഗളൂരു യാത്രക്കാർക്ക് ഉപകാരമാകും. കോവിഡ് കാലത്താണ് മലബാർ എക്സ്പ്രസിന്റെ കുറ്റിപ്പുറത്തെ സ്റ്റോപ്പും മാവേലി എക്സ്പ്രസിന്റെ തിരൂരിലെ സ്റ്റോപ്പും എടുത്തുകളഞ്ഞത്. ഷൊർണൂർ-കണ്ണൂർ സർവിസ് ആരംഭിച്ച സമയത്ത് തിരുനാവായ ഒഴികെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിരുന്നു. യശ്വന്ത്പൂർ എക്സ്പ്രസ് ആഗസ്റ്റ് 15 മുതലും മെമുവും മലബാർ എക്സ്പ്രസും 16 മുതലും മാവേലി എക്സ്പ്രസ് 18 മുതലും അതതു സ്റ്റോപ്പുകളിൽ നിർത്തി തുടങ്ങും.

