പരപ്പനങ്ങാടിയിൽ 11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅജേഷ്
പരപ്പനങ്ങാടി: എക്സൈസ് ടീം തീരദേശ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കെട്ടുങ്ങൽ അഴിമുഖത്തുനിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശി സഹൽ എന്ന അജേഷ് (25) പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞദിവസം ചിറമംഗലത്ത് ചില്ലറ വിൽപനക്കിടെ നെടുവ തിരിച്ചിലങ്ങാടി സ്വദേശി റഷീദിനെ 50 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. പ്രിവൻറിവ് ഓഫിസർമാരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, സാഗിഷ്, എ.പി. പ്രദീപ്, നിതിൻ ചോമാരി, അനിൽ, വനിത ഓഫിസർമാരായ സിന്ധു, ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.

