അങ്ങാടി കടപ്പുറത്തെ മാലിന്യ ദുരിതത്തിന് അറുതിയാവുന്നു; ശുചീകരണത്തിന് തുടക്കം
text_fieldsപരപ്പനങ്ങാടി: കടൽ വെള്ളവും മാലിന്യവും തളംകെട്ടി ദുരിതം പേറുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുർഗതിക്ക് അറുതിയാവുന്നു. നഗരസഭ ശുചീകരണ തൊഴിലാളികളെത്തി പ്രദേശം വൃത്തിയാക്കാൻ തുടങ്ങി. അങ്ങാടി കടലോരത്തെ പത്തോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയതിെന തുടർന്നാണ് നടപടി. കരകയറി വരുന്ന ഉപ്പുവെള്ളവും ഖര, ജൈവ, പ്ലാസ്റ്റിക് മാലിന്യവും മൂലം പരിസരം രോഗാതുരമായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.
മാലിന്യം മണിക്കൂറുകൾ കഠിനാധ്വാനം ചെയ്ത് മത്സ്യത്തൊഴിലാളികളും കടലോരത്തെ സാമൂഹ്യ സേവന കൂട്ടായ്മകളും വൃത്തിയാക്കാറാണ് പതിവ്. ദുരിതം മത്സ്യത്തൊഴിലാളികളുടെതായതിനാൽ അവർ സ്വയം ചെയ്തു കൊള്ളും എന്ന മട്ടിൽ നാളിതുവരെ അധികൃതരാരും ഈ വഴി തിരിഞ്ഞുനോക്കാറിെല്ലന്ന് പ്രദേശവാസിയായ നൂറുദ്ദീൻ കുട്ടി പറഞ്ഞു.