ഇന്ന് ലോക രക്തദാതാക്കളുടെ ദിനം; ഇസ്മയിൽ റാഹത്ത്: രക്തം വേണോ, രക്തമിതാ...
text_fieldsഎഴുപതോളം പേർക്ക് രക്തദാനം നൽകിയ സേവകനായ വ്യാപാരി ഇസ്മായിൽ റാഹത്ത്
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ വ്യാപാരിയായ കരിമ്പിൽ സ്വദേശി ഇസ്മയിൽ റാഹത്തിന് അപരന് രക്തം നൽകലാണ് റാഹത്തായ ജീവിതം.
തന്റെ പതിനേഴാമത്തെ വയസ്സിൽ രക്തം നൽകി തുടങ്ങിയ ഇസ്മായിൽ ഇരുപതാമത്തെ വയസ്സിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ രക്തദാനം വ്യക്തിപരം വിട്ട് സാമൂഹിക പ്രസ്ഥാനമായി മാറി. നാട്ടിൽ ധാരാളം ലഭ്യമായ ഒ പോസിറ്റിവ് രക്തത്തിന് ഉടമയാണ് ഇസ്മായിൽ റാഹത്തെങ്കിലും അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്ക് സ്വന്തം വീട്ടിൽനിന്നുപോലും രക്തദാനത്തിന് സന്നദ്ധരായി ആരും മുന്നോട്ടുവരാത്ത കാലത്താണ് ഇസ്മായിൽ റാഹത്ത് രക്തദാനത്തിന്റെ സേവനസാക്ഷ്യവുമായി മുന്നോട്ടിറങ്ങിയത്. തന്റെ കച്ചവടസ്ഥാപനം നഹാസ് ആശുപത്രിയുടെ തൊട്ടടുത്തായതിനാൽ അടിക്കടി രക്തം തേടി ആളുകൾ വരുന്നത് പതിവായി. മൂന്നു മാസമാകുന്നതിനു മുമ്പേ രക്തദാനത്തിന് സന്നദ്ധനായിവരുന്ന ഇസ്മയിലിന്റെ രക്തദാനസേവന തീയതി എഴുതിവെക്കുന്ന നഴ്സുമാർ ചീത്ത പറഞ്ഞ് ഓടിക്കുന്നതും പതിവായി.
വ്യാപാരികൾക്കു കീഴിൽ രക്തദാനസേന നിലവിൽവരുകയും രക്തദാനം ഒരു അപരാധമല്ല, സേവനമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ രൂപപ്പെടുകയും ചെയ്തതോടെ ഇസ്മായിൽ റാഹത്തിന് വിശ്രമകാലമായി. എന്നാലും രക്തദാനത്തിന് ഈ 47കാരൻ വ്യാപാരി ഇന്നും ഒരുക്കമാണ്. നിരവധി പേർക്ക് രക്തം നൽകുകയും കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് രക്തദാന സേനക്ക് രൂപംനൽകുകയും ചെയ്ത മുൻ പ്രിൻസിപ്പൽ ഡോ. ശശിധരനിൽനിന്ന് കിട്ടിയ ബോധവത്കരണ ക്ലാസാണ് എഴുപതോളം പേർക്ക് രക്തദാനം നൽകാൻ ഇസ്മായിൽ റാഹത്തിന് പ്രേരകമായത്.
പരപ്പനങ്ങാടിയിലെ മറ്റൊരു വ്യാപാരിയായ ഇഷ ഗോൾഡ് എം.ഡിയും മുൻ കൗൺസിലറുമായ നൗഫൽ ഇല്യനും ഇതിനകം നിരവധി പേർക്ക് രക്തം നൽകിയിട്ടുണ്ട്. പരപ്പനങ്ങാടി മർച്ചൻ്റസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും മുൻ കൗൺസിലറുമായ അശ്റഫ് ശിഫയുടെ നേതൃത്വത്തിൽ രുപവത്കൃതമായ രക്തദാനസേനക്കു കീഴിൽ ജില്ലക്കു പുറത്തും ഇസ്മായിൽ റാഹത്ത് കച്ചവടസ്ഥാപനത്തിന് ഷട്ടറിട്ട് ഓടിയെത്തിയിട്ടുണ്ട്.
ഒരു മദ്യപാനിയായ ഡ്രൈവറുടെ ഭാര്യക്ക് രക്തം നൽകിയതു വഴി എവിടെ വെച്ച് കണ്ടാലും ഈ ഫുൾടൈം മദ്യപാനി ഇത് തന്റെ ഭാര്യയുടെ രക്തമാണെന്ന് പറഞ്ഞ് കാലിൽ വീഴും, അയാളിൽനിന്ന് രക്ഷപ്പെട്ട് കട തുറക്കാൻ മണിക്കൂറുകളോളം വൈകി പോയ ദിവസങ്ങളും, കടയിൽനിന്ന് ഉച്ചയൂൺ കഴിക്കാൻ ഇറങ്ങുന്ന സമയത്ത് അപരിചിതൻ തന്നെ വണ്ടിയിലേക്ക് പിടിച്ചുകയറ്റി കൊണ്ടുപോയി രക്തദാനത്തിനുശേഷം ഹോട്ടലിൽ കയറ്റി അയാൾ ബിൽ കൊടുക്കാതെ മുങ്ങിയതും, കൈയിൽ കാശെടുക്കാത്തതിനാൽ ഹോട്ടൽ ഉടമയുടെ മുന്നിൽ പരുങ്ങിയതും വ്യാപാരി യൂത്ത് വിങ് പ്രവർത്തകനായതിനാൽ അഭിമാനം നഷ്ടപ്പെടാതെ തിരിച്ചു പോരാൻ കഴിഞ്ഞതുൾപ്പെടെ നിരവധി അനുഭവങ്ങൾ രക്തദായകനായ ഈ വ്യാപാരിയുടെ ഡയറിയിൽ രക്തത്തി മണമുള്ള അക്ഷരങ്ങളായി കൊത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

