കമ്പിവേലികൾക്കിടയിലൂടെ രോഗിയുമായി ആശുപത്രി യാത്ര
text_fieldsപരപ്പനങ്ങാടി: നാടും നഗരവും ആവശ്യത്തിന് പുരോഗമിച്ചിട്ടും ഒരുപ്രദേശത്തെ ജനങ്ങൾക്ക് ആശുപത്രിയിലേക്ക് രോഗികളെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിൽനിന്ന് ഇപ്പോഴും മോചനമായിട്ടില്ല. നഗരസഭയിലെ എട്ടാം ഡിവിഷൻ കുന്നുംപുറം മേഖലയിലെ 10 വീട്ടുകാർക്കാണ് ഈ ദുരവസ്ഥ. മൂന്ന് അടിയിൽ താഴെമാത്രം വീതിയുള്ള ഇടവഴിയിൽ ഒരുഭാഗം കമ്പിവേലിയും മറുഭാഗം മുള്ളുവേലിയുമാണ്. സാധാരണ സ്പെഷൽ ഗ്രേഡുകളിൽപെടാത്ത പഞ്ചായത്തിൽപോലും കാണാറില്ലാത്ത ഇടവഴിയാണ് നഗരസഭയായ പരപ്പനങ്ങാടിയിലെ കുന്നുംപുറത്ത് വർഷങ്ങളായി നില നിൽക്കുന്നത്.
മിക്കവീടുകളിലും പ്രായാധിക്യംകൊണ്ടും മറ്റസുഖങ്ങൾ കൊണ്ടും അവശരായവരും താമസിക്കുന്നുണ്ട്. അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുകയാണ് പരിസരവാസികൾ.