പരപ്പനങ്ങാടി: സർക്കാർ ലോട്ടറിയുടെ നറുക്കെടുപ്പിന് സമാന്തരമായി മൂന്നക്ക ലോട്ടറികൾ വിറ്റ നാലുപേരെ പരപ്പനങ്ങാടി െപാലീസ് അറസ്റ്റ് ചെയ്തു. സിദ്ദീഖ് പാലത്തിങ്ങൽ, സുഹൈൽ താനൂർ, സലീം പരപ്പനങ്ങാടി, വിജയകൃഷ്ണൻ ചിറമംഗലം എന്നിവരെയാണ് പരപ്പനങ്ങാടി അഡി. എസ്.ഐ രാധാകൃഷ്ണൻ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുക്കുന്ന മൂന്ന് അക്കങ്ങൾക്ക് ഒന്നിന് 10 രൂപ വീതമാണ് ഇവർ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അതത് ദിവസങ്ങളിൽ നറുക്കെടുക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനാർഹമായ നമ്പറിെൻറ അവസാനത്തെ മൂന്ന് അക്കങ്ങൾ ശരിയാവുന്നയാൾക്ക് 5000 രൂപ വരെയാണ് ഇവർ സമ്മാനമായി നൽകുന്നത്. തിരക്കേറിയ സമയത്താണ് പൊലീസ് പരിശോധന നടത്തിയത്.
റെയ്ഡിൽ ലോട്ടറി നമ്പറുകൾ രേഖപ്പെടുത്തിയ പേപ്പറുകളും മൊബൈലുകളും പണവും പിടിച്ചെടുത്തു. ഒറ്റനമ്പർ ലോട്ടറി നടത്തിപ്പിനായി സാങ്കേതിക സഹായങ്ങൾ നൽകിവരുന്ന കണ്ണൂർ ആസ്ഥാനമായുള്ള ലോട്ടറി ഏജൻസിയെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ് അറിയിച്ചു.