നവീകരണം പൂർത്തിയായി; പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ 17ന് നാടിന് സമർപ്പിക്കും
text_fieldsപരപ്പനങ്ങാടി: അമൃത് ഭാരത് പദ്ധതി വഴി നവീകരണം പൂർത്തിയായ പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. 14.21 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തിയായത്. നിലമ്പൂർ, തിരൂർ സ്‌റ്റേഷനുകളോടൊപ്പമാണ് പരപ്പനങ്ങാടി സ്‌റ്റേഷനും നാടിന് സമർപ്പിക്കുക. പ്രവേശന കവാടം വിശാലമാക്കുകയും ടിക്കറ്റ് കൗണ്ടർ ആധുനികവത്കരിക്കുകയും ദീർഘദൂര യാത്രക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും സ്‌റ്റേഷൻ പരിസരം ആധുനികവത്കരിക്കുകയും ചെയ്തു. അതേസമയം, പല ദീർഘ ദൂര ട്രയിനുകൾക്കും പരപ്പനങ്ങാടിയിൽ സ്‌റ്റോപ്പില്ലാത്തത് നാണക്കേടായി തുടരുകയാണ്.
സ്‌റ്റോപ്പ് അനുവദിക്കണം
പരപ്പനങ്ങാടിയിൽ മാവേലി എക്സ്പ്രസ്, മംഗലാപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി ആവശ്യപ്പെട്ടു. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട യാത്രക്കായി പരപ്പനങ്ങാടിയിൽ ദീർഘദൂര ട്രയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കാത്തതിനാൽ ദുരിതമാണെന്നും അടിയന്തിരമായി പരിഹാരം കാണണമെന്നും മർച്ചൻ്റസ് അസോസിയേഷൻ അധ്യക്ഷൻ അഷ്‌റഫ് കുഞ്ഞാവാസ് ആവശ്യപെട്ടു.
അമൃത് ഭാരതിൽ ഉൾപ്പെടുത്തി മോടികൂട്ടിയത് നല്ല കാര്യമാണെന്നും എന്നാൽ ഇത് സ്വകാര്യവത്കരണത്തിനുള്ള അജണ്ടയാകരുതെന്നും ദീർഘദൂര ട്രയിനുകൾക്ക് ഉടൻ സ്‌റ്റോപ്പനുവദിക്കണമെന്നും മലബാർ ട്രയിൻ യാത്രാസംഘം സംസ്ഥാന ഉപാധ്യക്ഷൻ ഖാദർ ഹാജി പാലത്തിങ്ങൽ ആവശ്യപ്പെട്ടു. പരപ്പനങ്ങാടിക്ക് അടിയന്തരമായി അനുവദിക്കേണ്ട ദീർഘദൂര ട്രയിനുകളുടെ സ്റ്റോപ്പ് സംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ ഡിവിഷനൽ ഡി.ആർ.യു.സി കമ്മിറ്റി അംഗവും പരപ്പനങ്ങാടി നഗരസഭ വികസനാസൂത്രണ സമിതി അധ്യക്ഷനുമായ ഉമ്മർ ഒട്ടുമ്മൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

