നിരസിച്ചത് അപകടത്തിലേക്കുള്ള ടിക്കറ്റ്
text_fieldsആഷിഫയും മൂത്ത മകൻ
മിജ്വാദും
പരപ്പനങ്ങാടി: ബോട്ടിലെ ഉല്ലാസയാത്രക്കുള്ള ടിക്കറ്റുകൾ നീട്ടിയിട്ടും സ്നേഹത്തോടെ നിരസിക്കുകയായിരുന്നു ഈ ഉമ്മയും മക്കളും. ഇത് അപകടത്തിൽനിന്നുള്ള രക്ഷപ്പെടൽകൂടിയായിരുന്നു ഇവർക്ക്. കുടുംബത്തിലെ 11 പേർ മരിച്ചവർ ഉൾപ്പെട്ട യാത്രസംഘത്തോടൊപ്പം ഇവരുമുണ്ടായിരുന്നു.
പുത്തൻ കടപ്പുറത്തെ പള്ളിച്ചിന്റെ പുരക്കൽ ആഷിഫയും മക്കളായ ഒമ്പത് വയസ്സുകാരൻ മിജ്വാദും ഏഴ് വയസ്സുകാൻ മിസ്ബാഹുമാണ് അയൽവാസികളായ കുന്നുമ്മൽ കുടുംബാംഗങ്ങളോടൊപ്പം ഞായറാഴ്ച വൈകീട്ട് കെട്ടുങ്ങൽ അഴിമുഖത്തേക്ക് പോയത്. കൂടെയുള്ളവരെല്ലാം ബോട്ടിൽ കയറുമ്പോൾ ‘‘നിങ്ങൾ പോയി വരൂ, ഞങ്ങൾ തീരം കണ്ട് കാത്തുനിൽക്കാം’’ എന്നാണ് ഇവർ പറഞ്ഞത്.
കൂടെയുള്ളവർ ഏറെ നിർബന്ധിക്കുകയും ടിക്കറ്റ് കൈയിൽ വെച്ചുനൽകുകയും ചെയ്തിട്ടും ആഷിഫയും മക്കളും ബോട്ടിൽ കയറാൻ കൂട്ടാക്കിയില്ല. ഏറെ നേരം അസ്തമയ സൂര്യന്റെ പ്രഭ കണ്ട് അയൽവാസികളുടെ തിരിച്ചുവരവിന് തീരത്ത് കാത്തുനിന്ന ഇവരുടെ മുന്നിലെത്തിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.

