അജ്ഞാത യാത്രികന്റെ ഫോൺ കോൾ; അമ്മയും കുഞ്ഞും വീണ്ടും ജീവിതട്രാക്കിൽ
text_fieldsപരപ്പനങ്ങാടി: ആത്മഹത്യമുനമ്പിൽനിന്ന് ഒരമ്മയെയും കുഞ്ഞിനെയും രക്ഷിച്ച ആ തീവണ്ടി യാത്രികനാരെന്ന് ആർക്കും നിശ്ചയമില്ല. അദ്ദേഹത്തിന്‍റെ ഒരുഫോൺ കോളാണ് അമ്മയെയും കുഞ്ഞിനെയും ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിൽ പിടിച്ചുനിർത്തിയതും ജീവിതത്തിലേക്ക് കര കയറ്റിയതും. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയാണ് സംഭവം. അഞ്ചുവയസ്സുവരുന്ന ആൺകുഞ്ഞിന്റെ കൈപിടിച്ചെത്തിയ യുവതി പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ്ഫോമിലെത്തിയ ശേഷം അപരിചിതനായ യാത്രക്കാരന്റെ കൈയിലെ ഫോൺ ഒന്ന് സംസാരിക്കാനായി വാങ്ങി.
തന്നെയും കുഞ്ഞിനെയും വേർപെടുത്താൻ ശ്രമിക്കുന്ന കുടുംബ വഴക്ക് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തങ്ങൾ ഇരുവരും ജീവനൊടുക്കാൻ പോവുകയാണണെന്ന സംസാരം യാത്രക്കാരൻ കേട്ടു. ഉടൻ ഇദ്ദേഹം ആരെയൊക്കൊയോ വിളിച്ചു. പൊതുപ്രവർത്തകനായ മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ ശ്രദ്ധയിലും വിഷയമെത്തി.
പിന്നീട് എല്ലാം യുദ്ധകാല വേഗതയിലാണ് നീങ്ങിയത്. അജ്ഞാത യാത്രികൻ യാത്ര തുടർന്നെങ്കിലും മരണത്തിന്റെ ട്രാക്കിൽനിന്ന് അമ്മയും കുഞ്ഞും കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞുനടക്കാൻ അധികം സമയം വേണ്ടി വന്നില്ല. നിയാസ് പുളിക്കലകത്തിന്റെ വീട്ടിലെത്തിച്ച അമ്മയേയും കുഞ്ഞിനെയും അദ്ദേഹത്തിന്‍റെ കുടുംബം ചേർത്തുപിടിച്ചു. തുടർന്ന് അവർ വീട്ടുകാരെയും ഭർത്യവീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി സമവായത്തിന്റെ പാതയിൽ ഒന്നിച്ചയച്ചു.