ജനകീയ പ്രതിഷേധം; പരപ്പനങ്ങാടിയിൽ സിൽവർ ലൈൻ സർവേ കല്ലിടൽ മുടങ്ങി
text_fieldsപരപ്പനങ്ങാടിയിൽ സിൽവർ ലൈൻ സർവേ കല്ലിടാനുള്ള നീക്കം നാട്ടുകാരും വ്യാപാരികളും
സമരസമിതിയും ചേർന്ന് തടയുന്നു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്ക് സർവേ കല്ല് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാരുടെ ശക്തമായ എതിർപ്പിൽ മുടങ്ങി. പൊലീസും കെ റെയിൽ വിഭാഗം തഹസിൽദാറും ഉൾപ്പെടെ ഒരുഭാഗത്തും മുനിസിപ്പൽ അധികാരികളും ജനപ്രതിനിധികളുമുൾപ്പെടെ സമര സമിതി മറുപക്ഷത്തുമായി നിലയുറപ്പിക്കുകയായിരുന്നു.
ഏറെ നേരം പൊലീസും സമരസമിതി നേതാക്കളും തമ്മിൽ വാഗ്വാദമുണ്ടായി. ഹൈകോടതി അനുവദിച്ചത് സ്ഥലം മാർക്ക് ചെയ്യാൻ മാത്രമാണെന്നും കല്ല് നാട്ടാൻ അനുവദിച്ചിട്ടില്ലെന്നും കോടതി രേഖകൾ ഉയർത്തി സമരസമിതി വാദിച്ചു. തുടർന്ന് വെള്ളിയാഴ്ച സമരക്കാരുമായി ചർച്ച നടത്തിയ ശേഷമേ കല്ലിടൂവെന്ന് പൊലീസും കെ-റെയിൽ അധികൃതരും ഉറപ്പ് നൽകി.
എ.എസ്.പി ട്രെയിനി ഷാഹുൽ ഹമീദ്, താനൂർ ഡി.വൈ.എസ്.പി മൂസ, പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ്, കെ. റെയിൽ തഹസിൽദാർ ഹക്കീം എന്നിവരാണ് സർവേ കല്ലിടുന്ന ഉദ്യാഗസ്ഥർക്കൊപ്പം പരപ്പനങ്ങാടിയിലെത്തിയത്.
പ്രതിഷേധ സംഗമത്തിൽ കെ-റെയിൽ വിരുദ്ധ സമര സമിതി ജില്ല അധ്യക്ഷനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ ചെങ്ങാട്ട് അബൂബക്കർ, നേതാക്കളായ വി. മുനീർ, അലീന, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് അധ്യക്ഷൻ എം.വി. മുഹമ്മദലി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. വിനോദ് കുമാർ, ബി.ജെ.പി നേതാവും മുനിസിപ്പൽ കൗൺസിലറുമായ ജയദേവൻ, മുസ്ലിം യൂത്ത് ലീഗ് നേതാവും മുനിസിപ്പൽ സ്ഥിര സമിതി അധ്യക്ഷനുമായ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.