ചെട്ടിപ്പടിയിലെ ഗവ. സ്പെഷൽ ടീച്ചർ പരിശീലന കേന്ദ്രത്തിന് നഗരസഭ ഭൂമി നൽകും
text_fieldsപരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ ഗവ. സ്പെഷൽ ടീച്ചർ പരിശീലന കേന്ദ്രത്തിന് നഗരസഭ ഭൂമി കണ്ടെത്തി കെട്ടിടം പണിയാൻ സൗകര്യമൊരുക്കുമെന്ന് ചെയർമാൻ എ. ഉസ്മാൻ അറിയിച്ചു. ഫണ്ട് അനുവദിച്ചിട്ടും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ ചെട്ടിപ്പടി ജി.എൽ.പി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിെൻറ ദയനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാലത്തിങ്ങൽ അങ്ങാടിക്ക് സമീപത്തെ പൊതുഭൂമിയാണ് കൈമാറാൻ തീരുമാനിച്ചതെന്ന് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിസാർ അഹമ്മദ് അറിയിച്ചു.
2013ൽ തുടങ്ങിയ കേന്ദ്രത്തിന് അക്കാലത്ത് തന്നെ ഭൂമി വാങ്ങാൻ 40 ലക്ഷം രൂപയും കെട്ടിടം പണിയാൻ ഒരു കോടി രൂപയും നീക്കിവെച്ചിരുന്നു. പ്രാദേശിക സി.പി.എം നേതൃത്വം സമരത്തിനിറങ്ങാനിരിക്കെയാണ് ഭരണതലത്തിലും ഉേദ്യാഗതലത്തിലും ചലനമുണ്ടായത്. അതേസമയം, നിശ്ചിത തുകക്ക് സ്ഥലം ലഭ്യമാവാത്തതിനാലാണ് കാലതാമസം നേരിട്ടതെന്നും ഇനിയും കാത്തുനിൽക്കാതെ പൊതുഭൂമി ഉപയോഗപ്പെടുത്തുകയാണെന്നും മുനിസിപ്പൽ ചെയർമാൻ വ്യക്തമാക്കി. 50 വീതം ടീച്ചേഴ്സ് ട്രെയിനികളാണ് രണ്ടു വർഷ കോഴ്സ് പൂർത്തിയാക്കി ഇവിടെ നിന്ന് പുറത്തിറങ്ങുന്നത്. പരപ്പനങ്ങാടിക്ക് പുറമെ കാസർകോട് മാത്രമാണ് സ്പെഷൽ ഡി.എഡ് സെന്റർ പ്രവർത്തിക്കുന്നത്.