കാർഷിക സംസ്കാരം വളർത്താൻ ഡോ. അബ്ദുൽ ജബ്ബാറിന്റെ പോരാട്ടം
text_fieldsകേന്ദ്ര കിഴങ്ങ് ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത മധുരക്കിഴങ്ങ് വള്ളി ഡോ. പി.കെ. അബ്ദുൽ ജബ്ബാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ശശിധരൻ അരിയല്ലൂരിനും ഗൾഫ് എയർ മുൻ എച്ച്.ആർ ഓഫിസർ കിഴക്കനിയകത്ത് അബ്ദുല്ല നഹക്കും കൈമാറുന്നു
പരപ്പനങ്ങാടി: യുവതലമുറയെ ഡിജിറ്റൽ കൗതുകത്തിൽനിന്ന് മണ്ണിലിറക്കാൻ പൊരുതുകയാണ് കാർഷിക ശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ജബ്ബാർ. കേരള കാർഷിക സർവകലാശാലയിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സയന്റിസ്റ്റായ ഇദ്ദേഹം മുൻ കൃഷി ഓഫിസറെന്ന നിലയിൽ തുടങ്ങിവെച്ച പോരാട്ടം ഇപ്പോഴും നിർത്തിയിട്ടില്ല. എല്ലാ വേദികളിലും വിത്തുകളും ചെടികളും വള്ളികളും കിഴങ്ങുകളുമായി ഓടിയെത്തുന്ന ഇദ്ദേഹം, ആവശ്യമായ ചെടികളും കിഴങ്ങുകളും വള്ളികളും സ്വന്തം തുക നൽകി എത്ര വേണമെങ്കിലും അയച്ചുകൊടുക്കും. തൊഴിലാളികളെയും സർക്കാർ ജീവനക്കാരെയും യുവാക്കളെയും കുട്ടികളെയും ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ളവരെ മണ്ണിലിറക്കാൻ 2004ൽ കൃഷി ഓഫിസറായിരിക്കെ സ്ഥാപിച്ച സൺഡേ ഫാമിങ് മൂവ്മെൻറ് വേരുപിടിച്ചു.
ഒായിസ്ക എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നാട്ടിലുടനീളം കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ ഡോ. അബ്ദുൽ ജബ്ബാർ വിയർപ്പൊഴുക്കി. കാർഷിക സർവകലാശാലയിൽ 15 വർഷമായി ശാസ്ത്രജ്ഞനായ ഇദ്ദേഹം 16 വർഷം കൃഷി വകുപ്പിലും പ്ലാന്റ് ക്വാറന്റൈൻ ഓഫിസറായും സേവനമനുഷ്ഠിച്ചു. മികച്ച കൃഷി ഓഫിസർ, എക്സ്റ്റൻഷൻ ഓഫിസർ എന്നീ പുരസ്കാരങ്ങൾ തേടിയെത്തി. വട്ടംകുളത്ത് രൂപം നൽകിയ സൺഡേ ഫാമിങ് മൂവ്മെൻറ് അഭ്യസ്തവിദ്യരിൽ ചെലുത്തിയ സ്വാധീനം പൊതുസമൂഹത്തിൽ കൂടി പകരാനാണ് ഇപ്പോഴത്തെ ശ്രമം. വിത്തു സുരക്ഷക്ക് ആയുധശേഖരങ്ങളേക്കാൾ കരുത്തുണ്ടെന്ന് ഡോ. അബ്ദുൽ ജബ്ബാർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

