പൊലീസിനെ ആക്രമിച്ച് മുങ്ങിയ പ്രതി പിടിയിൽ
text_fieldsപരപ്പനങ്ങാടി: പൊലീസിനെ ആക്രമിച്ച് കൈയാമവുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഒട്ടുമ്മൽ കടപ്പുറത്തെ വി. മുജീബ് റഹ്മാനെയാണ് (38) കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി. കെ. ദാസിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്.
വാറണ്ട് പ്രതിയായ മുജീബ് റഹ്മാൻ ഒരു മാസം മുമ്പ് ചെട്ടിപ്പടി കടലോരത്താണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. കൈയാമം വെച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. രാഷ്ടീയ സംഘർഷമുൾപ്പടെ പത്തോളം കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാൻ. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

