അനുമതി തന്നാൽ ചെട്ടിപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsപരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പണിയണമെന്ന് ചെട്ടിപ്പടി ജനസൗഹൃദ വേദി മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയും പി.ഡബ്ല്യൂ.ഡിയും അനുവാദം തന്നാൽ റോഡോരത്തെ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും തടസ്സമില്ലാത്ത വിധം ബസ് കാത്തിരിപ്പ് കേന്ദ്രം പണിയാമെന്ന് വേദി അധികൃതരെ അറിയിച്ചു. 30 വർഷം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെംബറും എട്ടുവർഷം പഞ്ചായത്ത് ബോർഡ് പ്രസിഡന്റുമായിരുന്ന കെ.പി. അബ്ദുൽ അസീസിന്റെ നാമധേയത്തിലായിരിക്കും കേന്ദ്രമെന്നും വേദി ഭാരവാഹികൾ പറഞ്ഞു.
റോഡോരത്ത് നേരത്തേ പണിയാരംഭിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പരിസരത്തെ കെട്ടിട ഉടമ കോടതിയെ സമീപിച്ചതോടെ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി നാട്ടുകാർ ഈ തറ പൊളിച്ചുനീക്കിയിരുന്നു.
ചെട്ടിപ്പടിയിൽ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും യാഥാർഥ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ വേദിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചു. ആലോചന യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യാക്കൂബ് കെ. ആലുങ്ങൽ, സലാം തങ്ങൾ ചെട്ടിപ്പടി, കെ. അനിൽകുമാർ, ബാബു പാലക്കൽ, സി.വി. സകരിയ, സുബൈർ ചെട്ടിപ്പടി, എ.എം.കെ. ബാവ, മൊയ്തീൻ കോയ, എം.വി. അഷ്റഫ്, എം. അരവിന്ദൻ, സിദ്ദീഖ്, യാസർ അറഫാത്ത് എന്നിവർ സംബന്ധിച്ചു. ചെട്ടിപ്പടിയിൽ ബസ് സ്റ്റാൻഡില്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ‘മാധ്യമം’ വാർത്തയാക്കിയതിനെ തുടർന്നാണ് നിർമാണം ഏറ്റെടുക്കാൻ തയാറായി ജനസൗഹൃദ വേദി മുന്നോട്ടുവന്നത്.
ചെട്ടിപ്പടിയിലെ വ്യാപാരി സമൂഹവും ബസ് സ്റ്റാൻഡിനായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് എം.എൽ.എയായിരിക്കെ ചെട്ടിപ്പടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയാൻ എം.എൽ.എ ഫണ്ടിൽനിന്ന് നീക്കിവെച്ച തുക എന്തു ചെയ്തെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, ഈ തുക പ്രയോജനപ്പെടുത്താൻ കഴിയാതിരുന്നത് നിർമാണ കരാർ ഏറ്റെടുത്ത സിൽക്കി ഏജൻസിയുമായുള്ള സാങ്കേതിക പ്രശ്നം കാരണമായിരുന്നെന്നും ഇപ്പോൾ തർക്കം പരിഹരിച്ച് കെട്ടിട നിർമിതി സംബന്ധിച്ച ചുവടുവെപ്പുകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.