ട്രോളിങ് നിരോധനം തീരത്ത് പട്ടിണി; യു.ഡി.എഫ് സർക്കാർ വാഗ്ദാനം പാലിക്കണം
text_fieldsട്രോളിങ് നിരോധനത്തെ തുടർന്ന് നങ്കൂരമിട്ട മത്സ്യബന്ധന യാനങ്ങൾ
പരപ്പനങ്ങാടി: ദുരിതങ്ങളുടെ തിരമാലകൾ ഒന്നിനുമീതെ ഒന്നായി ചെന്നടിക്കുമ്പോൾ കേന്ദ്ര-കേരള സർക്കാറുകൾ കടലിന്റെ മക്കളെ നേർക്ക് മിഴി തുറക്കണമെന്നാവശ്യം ശക്തമാകുന്നു. മാസങ്ങളായി മത്സ്യത്തിന്റെ ലഭ്യതക്കുറവ് കാരണം കടുത്ത പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾ, ട്രോളിങ് നിരോധനം കൂടി നടപ്പായതോടെ കടുത്ത ദുരിതത്തിലേക്കാണ് എടുത്തെറിയപ്പെട്ടിട്ടുള്ളത്.
തൊഴിലാളികളായ അന്തർസംസ്ഥാനങ്ങളിൽനിന്നുള്ളവർ പലരും പണിയില്ലാതെ നാട്ടിലേക്ക് വണ്ടി കയറിയപ്പോൾ മലയാളികളായ പരമ്പരാഗ മത്സ്യത്തൊഴിലാളികൾ കടലോളം കടബാധ്യതകളിൽ മുങ്ങി താഴുകയാണ്. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങൾ ഉപയോഗിച്ച് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി മത്സ്യം പിടിക്കാൻ ഇളവുണ്ടെങ്കിലും കടുത്ത കടൽക്ഷോഭവും വലകൾ കടിച്ചുകീറുന്ന കടൽ മാക്രിശല്യവും കാരണം അതിനും കഴിയാത്ത സ്ഥിതിയാണുള്ളത്.
ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും ട്രോളിങ് നിരോധന സമയത്ത് 5000 രൂപ വീതം ധന സഹായം നൽകുമെന്ന യു.ഡി. എഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് തീരദേശ ജനത. ആശ, അംഗൻവാടി തൊഴിലുകൾക്ക് സാധ്യമായ വേതന വർധന നടപ്പാക്കിയതും കെ.എസ്.ആർ.ടി.സി ബസിൽ പരിമിതമെങ്കിലും സ്ത്രീയാത്രികർക്ക് സൗജന്യ യാത്ര അനുവദിക്കാനും ധൃതി കാണിച്ച സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് കാലത്ത് നൽകാമേന്നറ്റ വാക്കും നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളും മത്സ്യത്തൊഴിലാളി കുടുംബങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

