പന്താരങ്ങാടിയിലെ റേഷൻ കട പൂട്ടി; ഉപഭോക്താക്കൾ ആശങ്കയിൽ
text_fieldsറേഷൻ കട പൂട്ടാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ
തിരൂരങ്ങാടി: റേഷൻ കട പൂട്ടിയതിനാൽ ജനം നെട്ടോട്ടത്തിൽ. തിരൂരങ്ങാടി പന്താരങ്ങാടിയിലെ 33ാം നമ്പർ റേഷൻ കടയാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി പൂട്ടിയത്. എ. മോഹനനായിരുന്നു പന്താരങ്ങാടിയിൽ റേഷൻകട നടത്തിയിരുന്നത്. ഇയാൾക്കെതിരെ സ്റ്റോക്കിൽ കൃത്രിമം കാണിക്കലും മറ്റു ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നിരന്തരം പരാതി ഉയർന്നിരുന്നു.
ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ സിവിൽ സപ്ലൈസ് കമീഷണർ കടയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനാൽ, പന്താരങ്ങാടിയിലെ റേഷൻ കട പരപ്പനങ്ങാടിയിലെ 20ാം നമ്പർ റേഷൻ കടയുമായി ബന്ധിപ്പിച്ചായിരുന്നു ഇതുവരെ നടത്തിപ്പോന്നിരുന്നത്. എന്നാൽ, ലൈസൻസ് റദ്ദാക്കിയ റേഷൻ കട പെട്ടെന്ന് പൂട്ടണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി കട പൂട്ടി അരിയും മറ്റും കരിപ്പറമ്പിലെ റേഷൻ കടയിലേക്ക് മാറ്റിയത്.
പന്താരങ്ങാടിയിലെ റേഷൻ കടക്ക് കീഴിലുള്ള ആയിരത്തിലധികം റേഷൻ ഗുണഭോക്താക്കൾ ഇതിനാൽ സമീപത്തെ മറ്റു റേഷൻ കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കൃത്രിമം കാണിച്ച റേഷൻ കടയുടെ ലൈസൻസ് മറ്റൊരാൾക്ക് നൽകി കട പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ, ഇത്തരത്തിലുള്ള വിഷയത്തിൽ ലൈസൻസ് റദ്ദാക്കിയ റേഷൻ കടകൾ മറ്റൊരാളുടെ പേരിൽ മാറ്റിയെടുക്കാൻ സമയം പിടിക്കുമെന്നും അതുവരെ ഉപഭോക്താക്കൾ മറ്റു റേഷൻ കടകൾ ഉപയോഗപ്പെടുത്തണമെന്നും തിരൂരങ്ങാടി സപ്ലൈ ഓഫിസർ പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

