50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ്
റംഷാദ്
പാണ്ടിക്കാട്: 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പാണ്ടിക്കാട് സ്വദേശി പുഴക്കൽ മുഹമ്മദ് റംഷാദിനെയാണ് (31) പാണ്ടിക്കാട് പൊലീസും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും അറസ്റ്റ് ചെയ്തത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ നേരിട്ടും കൊറിയർ വഴിയും വൻതോതിൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന പാണ്ടിക്കാട് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ്, എസ്.ഐ ഇ.എ. അരവിന്ദൻ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ ശനിയാഴ്ച പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

