ഫോൺ കവർന്ന് ഗൂഗിൾ പേ വഴി മുക്കാൽ ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം ഗൂഗിൾ പേ ഉപയോഗിച്ച് 75,000 രൂപ കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശി തെക്കേ വളപ്പിൽ മുഹമ്മദ് ഷാരിഖ് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈ മാസം 23നായിരുന്നു സംഭവം. പാണ്ടിക്കാട് ടൗണിലെ ഗായത്രി ഹോട്ടൽ ഉടമ മുരളീധരൻ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇർഫാൻ മുരളീധരന്‍റെ ഗൂഗിൾ ഫപേ പിൻ നമ്പർ മനസ്സിലാക്കുകയും ഫോൺ മോഷ്ടിച്ച് മുഹമ്മദ് ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 75,000 രൂപ ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കേസിൽ കുപ്രസിദ്ധ കുറ്റവാളിയും ആമക്കാട് സ്വദേശിയുമായ സിയാദ് ഉൾപ്പെടെ പ്രതികളാണെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എ.എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, രതീഷ്, പി. ശശി, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ സുമേഷ്, ജയൻ, മിർഷാദ് കൊല്ലേരി, കെ. രാകേഷ്, സന്ദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.