വിരലിൽ ഇഡലി തട്ട് കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ട്രോമാകെയർ
text_fieldsകുഞ്ഞിന്റെ വിരലിൽ കുടുങ്ങിയ ഇഡലി തട്ട് ട്രോമാകെയർ പ്രവർത്തകർ ഊരിമാറ്റുന്നു
പാണ്ടിക്കാട്: ഇഡലി തട്ടിൽ കൈവിരലിൽ കുടുങ്ങിയ ഒരുവയസ്സുകാരന് രക്ഷകരായി ജില്ല സ്റ്റേഷൻ യൂനിറ്റ് ട്രോമാകെയർ അംഗങ്ങൾ. കരുവാരകുണ്ട് അരിമണൽ സ്വദേശി നൗഷാദിന്റെ മകൻ ഹനാന്റെ കൈവിരലിലാണ് കളിക്കുന്നതിനിടയിൽ കുടുങ്ങിയത്.
വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. ഏറെനേരം ശ്രമിച്ചിട്ടും വീട്ടുകാർക്ക് കുട്ടിയുടെ വിരൽ പുറത്തെടുക്കാനായില്ല. തുടർന്ന് കരുവാരകുണ്ട് സ്റ്റേഷൻ യൂനിറ്റ് ട്രോമാകെയറിന്റെ സഹായം തേടി.
രാത്രി ഒമ്പതോടെ പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് ട്രോമാകെയർ പ്രവർത്തകരുടെ സഹായത്തോടെ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തട്ട് സുരക്ഷിതമായി നീക്കം ചെയ്തു. ഊരി എടുക്കാൻ സാധിക്കാത്തതിനാൽ ഏഴ് ചെറുകഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുകയായിരുന്നു.
ടീം ലീഡർ മുജീബിന്റ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ ഫിറോസ് കുറ്റിപുളി, ട്രഷറർ ആലിക്കുട്ടി തമ്പാനങ്ങാടി, ശാഹുൽ ഹമീദ് പാണ്ടിക്കാട്, അസീസ് വളരാട്, ഹനീഫ കിഴക്കുംപറമ്പ്, സകരിയ്യ കിഴക്കേ പാണ്ടിക്കാട്, കരുവാരകുണ്ട് സ്റ്റേഷൻ യൂനിറ്റ് ലീഡർ രാജേഷ്, ഷാഹിദ്, വഹാബ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.