കാർ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsമുഹമ്മദ് നിസാം
പാണ്ടിക്കാട്: പാണ്ടിക്കാട്ടുനിന്നും കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ ഒരാൾ പിടിയിൽ. എടവണ്ണ കൊളപ്പാടൻ ഹൗസിൽ മുഹമ്മദ് നിസാമാണ് (31) അറസ്റ്റിലായത്. ജനുവരി 24ന് പുലർച്ചയാണ് ഒറവംപുറം സ്വദേശി മാടത്തിങ്ങൽ ജസീമിന്റെ കാർ പാണ്ടിക്കാട് നിയോ ആശുപത്രി പരിസരത്തുവെച്ച് ഏഴംഗ സംഘം ചേർന്ന് ബലമായി തട്ടിയെടുത്തത്. അതിലുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടതായ ജസീമിന്റെ പരാതിയിലാണ് പാണ്ടിക്കാട് പൊലീസ് കേസെടുത്തിരുന്നത്.
ഒന്നാം പ്രതിയായ നിസാമിനെ എടവണ്ണയിലെ വീട്ടിൽനിന്നാണ് പാണ്ടിക്കാട് സി.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തേയുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ വാഹന കവർച്ച നടത്തിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസന്വേഷണത്തിന് സി.ഐക്കുപുറമെ എസ്.ഐ മോഹൻദാസ്, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, വ്യതീഷ്, ശൈലേഷ് ജോൺ, ഷാന്റി, സി.പി.ഒമാരായ ഷമീർ, രജീഷ്, സുമേഷ്, സജിമോൻ എന്നിവരുമുണ്ടായിരുന്നു.