പകൽ വിടുമല്ല ഹെൽത്ത് സെൻററുമല്ല; കാടുമൂടി സ്‌കൂൾ വളപ്പിലെ പഞ്ചായത്ത് കെട്ടിടം
text_fieldsകാളികാവ്: സ്‌കൂൾ വളപ്പിൽ നിർമിച്ച പഞ്ചായത്ത് കെട്ടിടം ഒന്നിനും ഉപയോഗിക്കാൻ കഴിയാതെ കാടുമൂടി നശിക്കുന്നു. അടക്കാക്കുണ്ട് പാറശ്ശേരി ഗവ.എൽ.പി സ്‌കൂൾ വളപ്പിൽ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടമാണ് കാട് മൂടി പട്ടികളുടെ കേന്ദ്രമായി കിടക്കുന്നത്.
2017-18 വർഷത്തിൽ 10ലക്ഷം ചെലവഴിച്ച് വയോജന പകൽ വീടിനു വേണ്ടിയാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ മിനുക്കു പണികൾ പൂർത്തിയാക്കിയിട്ടുമില്ല. അതിനിടെ അടക്കാകുണ്ടിലെ പഴയ ഹെൽത്ത് സെൻറർ കെട്ടിടം ബലക്ഷയം നേരിട്ടതോടെ സെൻററിന്റെ പ്രവത്തനം താൽക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.അപ്പോഴാണ് പകൽ വീടിനു വേണ്ടി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്.
തുടർന്ന് കെട്ടിടത്തിന് മഞ്ഞ പെയിൻറടിച്ച് ആയുഷ് മാൻ ആരോഗ്യ മന്ദിർ എന്ന് ബോഡെഴുതുകയും ചെയ്തു. പഴയ ഹെൽത്ത് സെൻററിലെ എല്ലാ വസ്തുക്കളും ഇതിലേക്ക് മാറ്റി. അപ്പോഴാണ് സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ എതിർപ്പുമായി രംഗത്ത് വന്നത്. സ്‌കൂൾ വളപ്പിൽ മറ്റു യാതൊരു വിധ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തീർത്തു പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവാണ് താൻ പാലിച്ചെതെന്ന് ഹെഡ് മാസ്റ്റർ പറയുന്നു.ഇതോടെ അന്നുമുതൽ അടച്ചിട്ട കെട്ടിടം പിന്നെ തുറക്കേണ്ടി വന്നിട്ടില്ല.സംസ്ഥാനത്തെ എല്ലാ എൽ.പി സ്‌കൂളുകളുടെയും ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും ഇതനുസരിച്ചാണ് പഞ്ചായത്ത് പ്രവർത്തിച്ചതെന്നുമാണ് അവരുടെ വാദം.
ഏതായാലും ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ കാടുമൂടിക്കിടക്കുകയാണ് കെട്ടിടം.അതേസമയം, ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം നിർമിക്കാൻ നാഷണൽ ഹെൽത്ത് മിഷന്റെ 55 ലക്ഷം രൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

