മുംബൈക്കായ് ആർപ്പുവിളിച്ച് മഞ്ചേരി
text_fieldsഎ.എഫ്.സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ മുംബൈ സിറ്റി എഫ്.സി താരങ്ങൾ
മത്സരശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നു
മഞ്ചേരി: സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആവേശം പകർന്ന് പയ്യനാടിന് ലഭിച്ചത് അതിലും വലിയ ‘സൂപ്പർ’ പോരാട്ടം. എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ടീമിനെ തെരഞ്ഞെടുക്കുന്ന മത്സരം ആരാധകർക്കും ആവേശമായി. ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ഈ വർഷത്തെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്.സിയും ജംഷഡ്പുർ എഫ്.സിയുമായിട്ടായിരുന്നു പോരാട്ടം.
3-1ന് മുംബൈ വിജയിച്ചതോടെ തുടർച്ചയായി രണ്ടാം തവണയും മുംബൈ സിറ്റി എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. അഹമ്മദ് ജാഹു, ആൽബർട്ടോ നെഗുവേര, വിക്രം പ്രതാപ് സിങ് എന്നിവർ മുംബൈക്കായി ഗോളുകൾ നേടിയപ്പോൾ ജംഷഡ്പുരിനായി ക്യാപ്റ്റൻ എലി സാബിയ ആശ്വാസഗോൾ നേടി. കളി കാണാനെത്തിയ ആരാധകർ ഏറെയും മുംബൈക്കൊപ്പമായിരുന്നു. ടീമിന്റെ മുന്നേറ്റങ്ങൾക്ക് ആരാധകർ നിറഞ്ഞ പിന്തുണ നൽകി.
പത്താം നമ്പർ താരം അഹമ്മദ് ജാഹുവിന് പന്ത് കിട്ടുമ്പോഴെല്ലാം ഗാലറിയിൽ ആരവം ഉയർന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന്റെ മുന്നേറ്റങ്ങൾക്കും ജംഷഡ്പുരിന്റെ മലയാളി താരം ടി.പി. രഹനേഷിന്റെ മിന്നും സേവുകൾക്കും കൈയടി നൽകി. രണ്ടാം പകുതിയിൽ പെരേര ഡയസിനെ പിൻവലിച്ച് ഗ്രെഗ് സ്റ്റുവർട്ടിനെ ഇറക്കിയത് മുംബൈയുടെ ആക്രമണങ്ങൾക്ക് മൂർച്ച നൽകി. തൊട്ടുപിന്നാലെ നെഗുവേരയുടെ ഇടങ്കാലൻ ഷോട്ട് രഹനേഷിനെ മറികടന്ന് വല തുളച്ചതോടെ മുംബൈ വിജയം ഉറപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചതോടെ ഗാലറിയിലും ആളുകളുടെ എണ്ണം കൂടി. 4,423 പേരാണ് ഐ.എസ്.എൽ വമ്പന്മാരുടെ പോരാട്ടം കാണാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

