പുത്തനത്താണിയിൽ പെയിന്റ് കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsപുത്തനത്താണി: പുത്തനത്താണിയിൽ വൻ തീപിടുത്തം. തിരുനാവായ റോഡിൽ പ്രവർത്തിക്കുന്ന ക്ലാസി പെയിന്റ് കടക്കാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഒരുമാസം മുമ്പാണ് കട ഉദ്ഘാടനം കഴിഞ്ഞത്. കോട്ടക്കൽ സ്വദേശി ടി.കെ. ഹൈദറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. നാല് മുറികളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ പെയിന്റും മറ്റു സാമഗ്രികളും കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും പൂർണമായും കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ രണ്ടു പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു.
സമീപത്തുള്ള ഒരു മരുന്നു കടയും കൊറിയർ സർവീസ് സ്ഥാപനവും ഭാഗികമായി അഗ്നിക്കിരയായി. തിരൂർ, താനൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂനിറ്റുകളെത്തി തീയണച്ചു. കൽപകഞ്ചേരി പൊലീസ്, ട്രോമ കെയർ വളണ്ടിയർമാർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ല ഫയർ ഓഫിസർ വി.കെ. റത്തീജ് സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

