നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം; മലപ്പുറം ജില്ലയില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ നിലവില്‍വന്നു
text_fieldsമലപ്പുറം: കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും മറ്റ് നടപടികള്‍ക്കുമായി ജില്ലയില്‍ പുതിയ ജില്ലതല അധികൃത സമിതിയും തദ്ദേശ സ്ഥാപനതലങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍വന്നു.
കലക്ടര്‍ വി.ആര്. വിനോദാണ് ഉത്തരവിറക്കിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ചെയര്‍പേഴ്സനും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കണ്‍വീനറും നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് ജില്ലതല അധികൃത സമിതി. ഇതോടൊപ്പം 12 നഗരസഭകളിലും 95 ഗ്രാമപഞ്ചായത്തുകളിലും പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു.
നഗരസഭതലത്തില് നഗരസഭ അധ്യക്ഷരും ഗ്രാമപഞ്ചായത്തുതലത്തില്‍ പ്രസിഡന്റുമാരുമാണ് പ്രാദേശിക നിരീക്ഷണ സമിതിയുടെ ചെയര്പേഴ്സന്മാര്. എല്ലായിടങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാര്‍ കണ്‍വീനര്‍മാരായി വില്ലേജ് ഓഫിസര്‍മാരും കര്‍ഷകര്‍ ഉള്‍പ്പെട്ട അനൗദ്യോഗിക അംഗങ്ങളും ചേര്‍ന്നതാണ് സമിതി.
നേരത്തെയുണ്ടായിരുന്ന സമിതികളുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയത് നിലവില്‍ വന്നത്. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷമായിരിക്കും അനൗദ്യോഗിക അംഗങ്ങളുടെ കാലാവധിയെങ്കിലും പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതുവരെ ചുമതലയില്‍ തുടരാം.
കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി വീട് നിര്‍മിക്കുന്നതിന് നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിന് ഗുണഭോക്താവ് സമര്‍പ്പിച്ച അപേക്ഷകൾ ഈ സമിതികളാണ് പരിശോധിക്കുക. പ്രാദേശിക നിരീക്ഷണ സമിതിയില്‍നിന്നുള്ള ശിപാര്‍ശ ജില്ലതല സമിതിയാണ് പരിഗണിക്കുക. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായാണ് സമിതിയുടെ പ്രവര്‍ത്തനം.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യും
നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നെല്‍വയലിന്റെ ഉടമസ്ഥര്‍ക്ക് വീട് നിര്‍മിക്കാൻ നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിന് സംസ്ഥാനതല സമിതിക്കോ ജില്ലതല സമിതിക്കോ ശിപാര്‍ശ നല്‍കുകയാണ് നിരീക്ഷണ സമിതി ചെയ്യുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം നിയമലംഘനങ്ങളിൽ ആര്.ഡി.ഒ അല്ലെങ്കില്‍ സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിയമലംഘനം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടികളും സ്വീകരിക്കും. നെല്‍വയല്‍ തരിശുകിടക്കുകയാണെങ്കില് അതിന്റെ കാരണം സംബന്ധിച്ച അന്വേഷണം നടത്തി നെല്ലോ മറ്റ് ഇടക്കാല വിളയോ കൃഷി ചെയ്യുന്ന രീതിയില്‍ പരിഹാര നടപടികള്‍ നിർദേശിക്കും. പ്രാദേശിക നിരീക്ഷണ സമിതി ശിപാര്‍ശ ചെയ്ത അപേക്ഷകളില്‍ ഒരു മാസത്തിനകം ജില്ലതല അധികൃത സമിതി തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

