Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:36 AM IST Updated On
date_range 12 Feb 2022 5:36 AM ISTPACKAGE കുണ്ടൂര്‍ തോട് നവീകരണം എന്ന് നടക്കും?
text_fieldsbookmark_border
കുണ്ടൂര്‍ തോട് നവീകരണം എന്ന് നടക്കും? നവീകരണത്തിനുള്ള 15 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു, പ്രതിഷേധം ശക്തം തിരൂരങ്ങാടി: കുണ്ടൂര്‍ തോട് നവീകരണമെന്ന സ്വപ്നത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നവീകരണത്തിനായി ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കപ്പെട്ട 15 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു. 2016ല്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ബജറ്റിലാണ് തുക അനുവദിച്ചത്. പിന്നീട് തുക കിഫ്ബിയിലേക്ക് മാറ്റി. ഇപ്പോള്‍ കിഫ്ബിയില്‍ തോട് നവീകരണത്തിന് ഫണ്ടില്ലെന്ന് കാണിച്ച് കെ.പി.എ. മജീദ് എം.എല്‍.എക്ക് അധികൃതര്‍ കത്ത് നല്‍കിയിരിക്കുകയാണ്. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി മുതല്‍ ഒഴൂര്‍ പഞ്ചായത്തിലെ തെയ്യാല വരെ അഞ്ച് കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് കുണ്ടൂര്‍ തോട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയോ മറ്റു ജലസ്രോതസ്സുകളോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ പൂര്‍ണമായി വ്യാപിച്ചു കിടക്കുന്നതാണ് തോട്. ആയിരത്തോളം ഏക്കര്‍ ഭൂമിയിലെ പുഞ്ചകൃഷിക്കും എട്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനും ഏക ആശ്രയമാണ്. നന്നമ്പ്രയിൽ കനാല്‍ സൗകര്യവുമില്ല. ഏഴ് പതിറ്റാണ്ട് മുമ്പാണ് തോട് നേരത്തേ നവീകരിച്ചത്. പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് 2018ല്‍ തോട്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നു. ആറ് മുതല്‍ 18 വരെ മീറ്റര്‍ വീതിയുള്ള തോട്ടില്‍ സർവേ നേരത്തേ പൂര്‍ത്തിയാക്കി കൈയേറ്റം ഒഴിപ്പിച്ചിരുന്നു. 15 കോടി രൂപയുടെ നവീകരണം നടക്കുന്നതോടെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നവീകരിക്കാനായിരുന്നു തീരുമാനം. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി കെല്ലിനെ നിർമാണ പ്രവൃത്തികള്‍ ഏല്‍പിച്ചിരുന്നു. വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മര്‍കസ് താഴം വരെ ഒരു മീറ്റര്‍ വീതിയില്‍ കോൺക്രീറ്റ് ഭിത്തി നിര്‍മിച്ച് നവീകരിക്കാനായിരുന്നു പദ്ധതി. തിരൂരങ്ങാടിയുടെ നെല്ലറയായ കുണ്ടൂര്‍ പാടശേഖരത്തിലെ വെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. അതോടൊപ്പം കുണ്ടൂര്‍, കൊടിഞ്ഞി, കടുവാളൂര്‍, ചെറുമുക്ക്, അല്‍അമീന്‍ നഗര്‍, അത്താണി, മൂലക്കല്‍, എസ്.എം നഗര്‍, മച്ചിങ്ങത്താഴം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്നതായിരുന്നു പദ്ധതി. എന്നാല്‍, ഫണ്ട് പിന്‍വലിച്ചതോടെ എല്ലാം അവതാളത്തിലായി. ഇതോടെ ശക്തമായ പ്രതിഷേധത്തിലാണ് കര്‍ഷകരും നാട്ടുകാരും. mt kundoor thod കുണ്ടൂർ തോട് കാടുമൂടി നശിക്കുന്നു പ്രതികരണം ..... 1. ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും തോട് നവീകരണ ഫണ്ട് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. എല്ലാ പ്രതിസന്ധികളും നീക്കംചെയ്ത് നവീകരണത്തിലേക്ക് കടക്കവേ ഫണ്ട് പിന്‍വലിച്ചത് അംഗീകരിക്കാനാകില്ല. കര്‍ഷകരെ സംഘടിപ്പിച്ച് ജലവിഭവ വകുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ളവക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും. ഈ സര്‍ക്കാര്‍ മാറാതെ ജനോപകാരപ്രദമായ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. UA RAZAK യു.എ. റസാഖ് (ജനറല്‍ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം) ........................................................... 2. കര്‍ഷകരെ ഇങ്ങനെ ദ്രോഹിക്കരുത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പുഞ്ചകൃഷി നടക്കുന്ന പ്രദേശമാണ് വെഞ്ചാലി, കുണ്ടൂര്‍ പാടശേഖരങ്ങള്‍. തോട് നവീകരിക്കേണ്ട ഏറ്റവും വലിയ ആവശ്യം കര്‍ഷകരുടേതാണ്. കര്‍ഷകര്‍ക്ക് മാത്രമല്ല പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ഇത് പരിഹാരമാണ്. എന്നാല്‍, കര്‍ഷകരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എം.സി. കുഞ്ഞുട്ടി (കര്‍ഷകന്‍) KUNCHUTTY ....................................... 3. തോട് നശിപ്പിക്കരുത് കുണ്ടൂർ തോട് നശിപ്പിച്ചുകളയരുത്. നെൽകൃഷികൊണ്ട് ഉപജീവനം കഴിയുന്നവരാണ് നന്നമ്പ്രയിലെ ഏറിയ കർഷകരും. തോട് വീതികൂട്ടി നവീകരിക്കുന്നതിന് പകരം അധികൃതർ തോട് നശിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണം. തോട് നവീകരണത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഷഫീഖ് ഷാ നന്നമ്പ്ര (പൊതുപ്രവർത്തകൻ) SHAFEEQUE SHA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story