ഒതുക്കുങ്ങലിൽ കനത്ത മഴയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു
text_fieldsഒതുക്കുങ്ങൽ: തിരൂർ-മഞ്ചേരി സംസ്ഥാനപാതയിൽ ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിന് സമീപം റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കനത്ത മഴയിലാണ് സംഭവം.
പുല്ലാണി നാസറിന്‍റെ വീടിന് മുന്നിലേക്കാണ് ഇടിഞ്ഞു വീണത്. വീടിന്‍റെ മുറ്റത്തേക്കാണ് കല്ലുകളും മറ്റും വന്ന് വീണത്. സംഭവ സമയം വീടിന് പുറത്ത് ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. സമീപത്തെ വൈദ്യൂതപോസ്റ്റും തകർന്നിട്ടുണ്ട്.
ഒേട്ടറെ വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന റോഡിന്‍റെ വശം ഇടിഞ്ഞുവീണിട്ടും അധികൃതർ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. റോഡ് അറ്റക്കുറ്റപ്പണി നടത്തിയതിന് ശേഷം സംരക്ഷണ ഭിത്തി പടുത്തുയർത്തിയത് ശാസ്ത്രീയ രീതിയിലല്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ വലിയ അപകട സാധ്യതയാണ് ഇത് വിതക്കുന്നത്.

