സെവൻസിൽ പന്തുതട്ടാൻ ഇതര സംസ്ഥാന ടീമുകളും
text_fieldsമലപ്പുറം: ഡിസംബർ ആദ്യവാരത്തിൽ തുടക്കമാകുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറുകളിൽ പന്തുതട്ടാൻ ഇതര സംസ്ഥാന ടീമുകളും. ചെന്നൈ എഫ്.സി, യുനൈറ്റഡ് എഫ്.സി ബംഗളൂരു, വിക്ടോറിയ കൊൽക്കത്ത എന്നീ ടീമുകളാണ് കേരള സെവൻസ് ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) അംഗീകൃത ടൂർണമെൻറുകളിൽ മാറ്റുരക്കുക. കെ.ആർ.എസ് കോഴിക്കോട്, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, പവർ ഡിപ്പോ തൃശൂർ, ഫ്രണ്ട്സ് മമ്പാട്, ലക്കി സ്റ്റാർ ആലുവ, റോവേഴ്സ് മഞ്ചേരി, ജയ ബേക്കറി തൃശൂർ, മലബാർ എഫ്.സി മലപ്പുറം, താജ് ഗ്രൂപ്പ് പ്രീമിയർ എഫ്.സി വളാഞ്ചേരി തുടങ്ങി കേരളത്തിലെ പ്രമുഖ ടീമുകളും പന്തുതട്ടാനുണ്ടാകുമെന്ന് കെ.എസ്.എഫ്.എ സംസ്ഥാന പ്രസിഡന്റ് സി.എച്ച്. യാസിർ അലി പറഞ്ഞു.
സെനഗൽ, ഘാന, ലൈബീരിയ, ഉഗാണ്ട, ഐവറി കോസ്റ്റ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർക്ക് പുറമേ ലാറ്റിനമേരിക്കൻ കളിക്കാരെയും വിവിധ ടീമുകൾക്കായി കളിക്കളത്തിൽ എത്തിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്. മത്സരങ്ങൾ കൂടുതൽ ജനകീയമാക്കാൻ പുതിയ ടൂർണമെന്റുകൾക്ക് ഈ സീസണിൽ അംഗീകാരം നൽകുമെന്നും യാസിർ അലി അറിയിച്ചു.
‘സെവൻസിനെ നാശത്തിലേക്ക് തള്ളി വിടരുത്’
മലപ്പുറം: കേരളത്തിലെ സെവൻസ് ഫുട്ബാൾ മേഖലയെ നശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സെവൻസ് ഫുട്ബാളിലെ ഒരു വിഭാഗമെന്ന് കേരള സെവൻസ് ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) ജില്ല കൺവെൻഷൻ കുറ്റപ്പെടുത്തി. ഈ മേഖലയെ ചില തൽപര കക്ഷികളുടെ മാത്രം കുത്തകയാക്കി വെക്കുകയും ഒന്നിൽ കൂടുതൽ ടീമുകൾ വിലക്കുവാങ്ങി സ്വന്തം പേരിൽ ടൂർണമെന്റുകൾ നടത്തി മുൻകൂട്ടി തീരുമാനിച്ച ടീമുകളെ ഫൈനലിൽ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
കെ.എസ്.എഫ്.എയുടെ കീഴിലുള്ള ടീമുകളുടെ പേരിൽ മറ്റു സംഘടനകൾ ഇഷ്ടാനുസരണം അതേ പേരുകൾ ഉപയോഗിച്ച് ടീമുകൾ ഇറക്കുന്നതിനെതിരെ നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. സ്റ്റേറ്റ് കോഓഡിനേറ്റർ മജീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.എച്ച്. യാസർ അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജമാൽ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. അലവി റോവേഴ്സ്, അബ്ദുല്ല പ്രസിഡൻസി, അബ്ദുൽ ഖാദർ ചങ്ങരംകുളം, ഹുസൈൻ കെയർ ചാരിറ്റബിൾ സൊസൈറ്റി, കുട്ടിക്ക മമ്പാട്, ദാസ് പള്ളിപ്പുറം, നാസർ ചിരാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

