വീട് ജപ്തി ഭീഷണിയിൽ:ജീവിതത്തിന് മുന്നിൽ പകച്ച് അഞ്ച് അനാഥ പെൺകുട്ടികൾ
text_fieldsകാടാമ്പുഴ: സുമനസ്സുകള്‍ ഈ വാര്‍ത്ത കാണണം. ഇല്ലെങ്കില്‍ അനാഥത്വത്തിലായ അഞ്ച് പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട് നഷ്ടപ്പെടും. പേരക്കുട്ടികളെ ചേര്‍ത്തുപിടിച്ച് കാടാമ്പുഴ ചിത്രംപള്ളി സ്വദേശിയായ നടുവക്കാട് ബീരാന് കുട്ടി നെടുവീര്‍പ്പിടുകയാണ്. രോഗബാധിതരായി രക്ഷിതാക്കള്‍ മരിച്ചതോടെ അഞ്ച് വയസ്സുകാരിയടക്കമുള്ള മക്കളാണ് തുടര്‍ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. ബീരാൻ കുട്ടിയുടെ ആറു പെൺമക്കളിൽ നാലാമത്തെ മകളായ റസിയ മൂന്ന് വര്‍ഷം മുമ്പാണ് അര്‍ബുദത്തെ തുടർന്ന് മരിക്കുന്നത്. തുടർന്ന് പിതാവ് കൊണ്ടംകടവത്ത് യൂസഫ് രോഗങ്ങളുടെ പിടിയിലായി.
ചികിത്സകള്‍ നടത്തിയെങ്കിലും എട്ട് മാസം മുമ്പ് കുഞ്ഞനുജത്തിമാരെ പതിനഞ്ചുകാരിയായ മൂത്ത മകളായ ജിഷ്മയുടെ കൈയില്‍ ഏൽപ്പിച്ച് യൂസഫും യാത്രയായി. തുടർന്ന് മാറാക്കര ജാറത്തിങ്കലെ വീട്ടില്‍നിന്ന് വല്ല്യുപ്പ മക്കളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എണ്‍പതിനോടടുത്ത് പ്രായമുള്ള ബീരാന്‍കുട്ടിയും ഭാര്യ ഫാത്തിമയുടേയും തണലിലാണ് അഞ്ച് പേരുടേയും തുടര്‍ന്നുള്ള ജീവിതം. തിരൂരങ്ങാടി യതീംഖാനയിൽ താമസിച്ച് പഠിക്കുകയാണ് പത്താംതരം പാസായ ജിഷ്മയും (15) ജിസ്രിയ (12), ജന(10), ജലീസ (ഏഴ്) എന്നിവരും.
ഇളയ കുട്ടി അഞ്ച് വയസ്സുകാരിയായ ജഫ്ന ഇത്തവണ സമീപത്തെ സ്കൂളില്‍ ഒന്നാംതരത്തില്‍ ചേര്‍ന്നു. പ്രായാധിക്യ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നതിനാല്‍ കുരുന്നുകളെ എത്രനാള്‍ നോക്കാനാകും എന്ന ആശങ്കയിലാണ് ബീരാന്‍കുട്ടി. ജാറത്തിങ്ങല്‍ കരേക്കാട് സ്വന്തമായുള്ള 20 സെൻറ് സ്ഥലത്ത് മാതാപിതാക്കള്‍ വായ്പ എടുത്ത് നിർമിച്ച വീടിെൻറ പണി പൂര്‍ത്തിയായിട്ടില്ല. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ്.
12 ലക്ഷത്തോളം രൂപ അടയ്ക്കണം. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തതിനാല്‍ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടാബ് നല്‍കിയതോടെയാണ് ഇവരുടെ പഠനം ആരംഭിച്ചത്. തുടര്‍ പഠനവും ജീവിതവും വഴിമുട്ടിയ നിലയിലാണ്. ബീരാന്കുട്ടിയുടേയും ജിഷ്മയുടേയും പേരില്‍ കാടാമ്പുഴ കാനറ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് കുടുംബം. അക്കൗണ്ട് നമ്പർ: 4700101006463. ഐ.എഫ്.എസ്.സി: CNRB0004700, MICR 676015157. ഫോൺ: 9048216787
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
