അപകടക്കെണിയായി ഓരാടംപാലം; തിരിഞ്ഞുനോക്കാതെ അധികൃതർ
text_fieldsകോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം
ഓരാടംപാലം
അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ തിരൂർക്കാടിനും അങ്ങാടിപ്പുറത്തിനും ഇടയിലുള്ള ഓരാടംപാലം പുതുക്കിപ്പണിയണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. ഇറക്കം കഴിഞ്ഞ് വളവ് തിരിഞ്ഞ് എത്തുന്ന ഓരാടംപാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. നേരത്തെ മരാമത്ത് എൻ.എച്ച് വിഭാഗത്തിന്റെ സംരക്ഷണയിലായിരുന്നു കോഴിക്കോട് - പാലക്കാട് ദേശീയപാത. പല റോഡുകളും ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കൂട്ടത്തിൽ ഈ റോഡും ഉൾപ്പെട്ടു. ഇക്കാരണത്താൽ നേരത്തെ ദേശീയപാത അതോറിറ്റിക്ക് നൽകിയ പ്രൊപ്പോസൽ കാലഹരണപ്പെട്ട സ്ഥിതിയാണ്.
വീതിയുള്ള റോഡിൽനിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ കൈവരികൾ ഇടിച്ചുതകർത്ത് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുകയാണ്. ഓരോ വർഷവും പാലത്തിലും സമീപത്തെ വളവിലും നിരവധി അപകടങ്ങൾ സംഭവിക്കുന്നു.
പാലം പുതുക്കിപ്പണിയാൻ അഞ്ചു കോടിയുടെ പ്രപ്പോസൽ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതുസംബന്ധിച്ച് ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ചരക്ക് ലോറികൾ പലവട്ടം പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ ചെറുപുഴയിൽ പതിച്ചിട്ടുണ്ട്.
യാത്രാ വാഹനങ്ങളും പലവട്ടം അപകടത്തിൽപ്പെട്ടു. എത്രയും പെട്ടന്ന് ഓരാടംപാലം പുതുക്കിപ്പണിയാൻ സർക്കാർ തയാറാവണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

