ഓപറേഷൻ സൈ ഹണ്ട്; മലപ്പുറം ജില്ലയിൽ 36 പേർ അറസ്റ്റിൽ
text_fieldsമലപ്പുറം: സൈബർ തട്ടിപ്പുകൾക്ക് സഹായകരമായ മ്യൂൾ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാനത്ത് വ്യാപകമായി നടത്തിയ ‘ഓപറേഷൻ സൈ ഹണ്ട് 2025’ൽ ജില്ലയിൽ 36 പേർ അറസ്റ്റിൽ. ജില്ലയിൽ നടത്തിയ പരിശോധനയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായാണ് 36 പേരെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എ.ടി.എം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുകയും അതിന് പ്രതിഫലം വാങ്ങുകയും ചെയ്ത മ്യൂൾ അക്കൗണ്ട് ഉടമകളെയാണ് പൊലീസ് പ്രധാനമായും ലക്ഷ്യമിട്ടത്. ഓപറേഷന്റെ ഭാഗമായി ജില്ലയിൽ രൂപവത്കരിച്ച സ്പെഷൽ ടാസ്‌ക് ഫോഴ്‌സിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, സൈബർ ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയുടെ ഭാഗമായി പ്രവർത്തിച്ചു.
കേസിൽ നിലമ്പൂർ ചക്കാലക്കുത്ത് ഇല്ലിക്കല്‍ റിബിനെ (22) നിലമ്പൂര്‍ എസ്.ഐ സൈഫുല്ല അറസ്റ്റ് ചെയ്തു. നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ഇയാളുടെ ഇന്ത്യന്‍ ബാങ്ക് നിലമ്പൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ വന്ന സാഹചര്യത്തിലാണ് ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ബി.എസ്. ബിനു, എസ്.ഐ പി.ടി. സൈഫുല്ല എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകള്‍ നടത്തിയത്.
ഇയാളുടെ അക്കൗണ്ടില്‍ കഴിഞ്ഞമാസം 10നും 11നുമായി 12,35,192 രൂപ നിക്ഷേപം വരികയും ഈ രണ്ടുദിവസങ്ങളിലായി 12,33,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ ബാലന്‍സുള്ള 2,192 രൂപക്ക് പുറമേ 5000 രൂപ കാഷ് ആയി ലഭിച്ചതായും പിടിയിലായ റിബിന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പണം കൈമാറിയവരെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും തുടരന്വേഷണം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു.
അതിനിടെ, മേലാറ്റൂരിലും അറസ്റ്റ് നടന്നു. കീഴാറ്റൂർ പൂന്താവനം മതിലകത്ത് വീട്ടിൽ നിസാമുദ്ദീനെയാണ് (30) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന തുക യുവാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ഇതിന് വൻതോതിൽ കമീഷൻ കൈപ്പറ്റിയെന്നുമാണ് കേസ്. എസ്.ഐ പ്രദീപ്, എ.എസ്.ഐ സിന്ധു, ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ അബ്ദുൽ റഹീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

