ഓപൺ സർവകലാശാലയിൽ അവധിക്കാലത്തും പരീക്ഷ ചൂട്
text_fieldsതേഞ്ഞിപ്പലം: നാല് റെഗുലർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗങ്ങളുടെ നിലനിൽപ്പ് അനിശ്ചിതാവസ്ഥയിലായിരിക്കെ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾക്ക് ഓണത്തിനിടയിൽ പരീക്ഷ പാച്ചിൽ. ഓപൺ സർവകലാശാലയിലെ ആദ്യ ബാച്ച് ബിരുദ വിദ്യാർഥികളാണ് ഓണക്കാലത്ത് പരീക്ഷ ചൂടിൽ കഴിയുന്നത്. കഴിഞ്ഞ അധ്യയനവർഷം നടക്കേണ്ട ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളാണ് ഓപൺ സർവകലാശാല ഓണക്കാലത്ത് നടത്തുന്നത്. ബി.എ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളാണിവ.
ആഗസ്റ്റ് 26ന് ആരംഭിച്ച പരീക്ഷ സെപ്റ്റംബർ 17നാണ് അവസാനിക്കുക. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പരീക്ഷ. ഓപൺ സർവകലാശാലയുടെ സമ്പർക്ക ക്ലാസുകളും ഞായറാഴ്ചകളിലാണ്.
അയ്യായിരത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഞായറാഴ്ചകളിൽ ക്ലാസുകളും പരീക്ഷയും വരുന്നതിനെതിരെ വിദ്യാർഥികൾ മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരുന്നു. കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ആരംഭിച്ച ഓപൺ സർവകലാശാല കനത്ത ഫീസ് ഈടാക്കിയും അവധി ദിവസങ്ങളിൽ ക്ലാസും പരീക്ഷയും നടത്തിയും വിദ്യാർഥികളെ കഷ്ടപ്പെടുത്തുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. രണ്ട് സെമസ്റ്ററുകളുടെ പരീക്ഷകൾ ഒന്നിച്ച് എഴുതേണ്ടി വരുന്നതിലും വിദ്യാർഥികൾ ബുദ്ധിമുട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

