ഊട്ടി പുഷ്പമേള: റോസ് ഗാർഡനിൽ പനിനീർ പൂ പ്രദർശനം തുടങ്ങി
text_fieldsനിലമ്പൂർ: മേയ് 15 മുതൽ ആരംഭിക്കുന്ന ഊട്ടി പുഷ്പമേളയോടനുബന്ധിച്ച് വിജയനഗരം റോസ് ഗാർഡനിൽ മൂന്നു ദിവസത്തെ പനിനീർ പൂ പ്രദർശനം (റോസ് ഷോ) ആരംഭിച്ചു. 20ാമത് പുഷ്പമേള ഗവ. ചീഫ് വിപ്പ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അധ്യക്ഷത വഹിച്ചു. സമുദ്രജീവികളുടെ സംരക്ഷണം കേന്ദ്ര പ്രമേയമാക്കിയാണ് ഇരുപതാം റോസ് പ്രദർശനം രൂപകൽപന ചെയ്തിരിക്കുന്നത്.
80,000 റോസാപ്പൂക്കൾ കൊണ്ട് നിർമിച്ച 22 അടി ഉയരമുള്ള രണ്ട് ഡോൾഫിനുകൾ ഏറെ ആകർഷകമാണ്. കടലാമ, പെൺ കടൽ പശു, കടൽ കുതിര, നക്ഷത്ര മത്സ്യം തുടങ്ങിയ അപൂർവ സമുദ്രജീവികളെയും കുട്ടികളെ ആകർഷിക്കുന്നതിനായി മത്സ്യകന്യക, കിലോവാൻ മത്സ്യം, രാജകുമാരി, ബോണ്ട ജീവികൾ എന്നിവയുമുണ്ട്. 1,20,000 വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കൾക്കൊണ്ടാണ് ഇവയുടെ രൂപകൽപന. റോസ് ഷോ സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി മറ്റ് ജില്ലകളിൽ നിന്നുള്ള പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.
1995ൽ ഹോർട്ടികൾച്ചർ ആൻഡ് ഹിൽ ക്രോപ്സ് വകുപ്പ് ശതാബ്ദി പുഷ്പപ്രദർശനം ആഘോഷിക്കുന്നതിനായി സ്ഥാപിച്ച റോസ് ഗാർഡൻ ഇപ്പോൾ ലോകോത്തര ഗവ. ഗാർഡനായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തുനിന്നുമുള്ള 4301 ഇനങ്ങൾ ഉൾപ്പെടെ 32,000 റോസ് ചെടികൾ ഗാർഡനിൽ പൂത്തുലഞ്ഞു നിൽക്കുന്നു. ഇതിൽ അപൂർവമായ പച്ച റോസ് ഇനവും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

