വീട് പുനർനിർമാണത്തിന് ഒരുലക്ഷം കൈമാറി
text_fieldsചാലിശ്ശേരി നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരുലക്ഷം രൂപയുടെ ധനസഹായം കൈമാറുന്നു
പെരുമ്പിലാവ്: ചാലിശ്ശേരി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കൈത്താങ്ങ്. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ഉത്സവാഘോഷങ്ങൾ നടത്തുകയും ആനയുടെ ഏക്കത്തിന് ചെലവഴിക്കേണ്ടിയിരുന്ന തുക പോലും ഉപയോഗിച്ച് ഗൃഹനാഥനും മകനും നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത നവയുഗ പൂരാഘോഷ കമ്മിറ്റിക്കാണ് ഷെയർ ആൻഡ് കെയർ ഒരുലക്ഷം രൂപ നൽകിയത്. വീടിന്റെ പണികൾ പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് പൂരാഘോഷം ലളിതമാക്കിയത്.
പൂരാഘോഷ കമ്മിറ്റി ഭാരവാഹികളെ ഷെയർ ആൻഡ് കെയർ ലെബീബ് ഹസ്സൻ, ഷെമീർ ഇഞ്ചക്കാലിൽ, ജിനീഷ് തെക്കേക്കര എന്നിവർ പൊന്നാടയും ശിൽപവും നൽകി ആദരിച്ചു. കഴിഞ്ഞദിവസമാണ് ചാലിശ്ശേരി മുലയം പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനായി 5,03,000 രൂപ ഏക്കത്തുക കരാർ ഉറപ്പിച്ചിരുന്ന ചിറക്കൽ കാളിദാസൻ എന്ന ഗജവീരനെ ഒഴിവാക്കി ഈ തുക ഉപയോഗിച്ച് പ്രദേശത്തെ കുടുംബത്തിന്റെ വീടുപണി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. ഷെയർ ആൻഡ് കെയർ ഭാരവാഹികളായ സതീഷ് കുമാർ പുളിയത്ത്, ജസ്റ്റിൻ പോൾ, ഇ.എം.കെ ജിഷാർ, ജിനീഷ് നായർ, കെ.വി. സാംസൺ, ഡേവിഡ് ചെറിയാൻ, ഷൈജു സൈമൺ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ രക്ഷാധികാരി കെ.കെ. പ്രേമൻ, പ്രസിഡൻറ് എം.എസ്. മനു, സെക്രട്ടറി എൻ.എസ്. സനൂപ്, ട്രഷറർ എം.കെ. ശരത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

