ചോക്കാട് ഗവ. എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ഒരു കുട്ടി !
text_fieldsചോക്കാട് ഗവ. എൽ.പി സ്കൂൾ
കാളികാവ്: അധ്യയന വർഷത്തെ വരവേൽക്കാൻ ചോക്കാട് ഗവ. എൽ.പി സ്കൂൾ ഒരുങ്ങിയപ്പോൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് ആദിത്യൻ എന്ന വിദ്യാർഥി മാത്രം. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഉന്നതിയായ ചോക്കാട് നാൽപത് സെന്റ് ഗിരിജൻ നഗറിലെ ഈ വിദ്യാലയം വലിയ ആശങ്കയോടെയാണ് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിലെ കുട്ടികളുടെ കുറവ് വിദ്യാലയത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്.
1978ൽ ആരംഭിച്ച വിദ്യാലയത്തിൽ സമീപകാലത്തായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ സ്കൂൾ ചരിത്രത്തിലാദ്യമായി ഒന്നാം ക്ലാസിലേക്ക് ഒരു കുട്ടി പോലും പ്രവേശനം നേടിയിരുന്നില്ല. മുമ്പ് ഇതേ സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ തനിച്ചിരുന്ന് പഠിച്ച അതുൽ എന്ന കുട്ടി പഠനം പൂർത്തിയാക്കി പോയതിനുപിന്നാലെയാണ് ഈ വർഷം ആദിത്യനും സമാനമായ അവസ്ഥയിലേക്ക് എത്തുന്നത്. അഞ്ച് വർഷം മുമ്പുവരെ ചോക്കാട് ഗിരിജൻ കോളനി സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം 2021ൽ ചോക്കാട് ഗവ. എൽ.പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തെങ്കിലും ഊരിന് പുറത്തുനിന്നുള്ള കുട്ടികളാരും ഇവിടേക്ക് എത്തുന്നില്ല.
കുട്ടികളും ക്ലാസുകളും കുറയുന്നതോടെ സ്കൂളിന് അധ്യാപക തസ്തികകളും നഷ്ടപ്പെടുകയാണ്. പുതിയ അധ്യയന വർഷത്തിൽ ആകെ 10 കുട്ടികളും രണ്ട് അധ്യാപകരുമായി പൊതുവിദ്യാലയം ചുരുങ്ങും. പാലക്കാട് ജില്ലയിലെ മൂനാടി ഉന്നതിയിൽനിന്ന് ഇവിടെ പണി തേടിയെത്തിയ കുടുംബത്തിലെ കുട്ടികളായ സുധീഷ്, ജയന്യ എന്നിവർ കഴിഞ്ഞ വർഷം ചേർന്നതുകൊണ്ടാണ് സ്കൂളിൽ മൂന്നാം ക്ലാസ് പ്രവർത്തിച്ചത്. ഇവർ തിരിച്ചെത്തിയാൽ മാത്രമേ ഈ വർഷം നാലാം ക്ലാസ് ഉണ്ടാകൂ. പ്രവേശനോത്സവ നാളുകളിൽ ആദിത്യന് കൂട്ടായി മറ്റു ഊരുകളിൽനിന്ന് കൂടുതൽ കുട്ടികൾ പ്രവേശനത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയാധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

