ഉണ്ടറിയണം ഓണം
text_fieldsമലപ്പുറം: ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്. അതിനാൽ തന്നെ സദ്യ വിളമ്പുന്നതിനും അതിന്റെതായ രീതിയുണ്ട്. സദ്യ വിളമ്പേണ്ടത് തൂശനിലയിലായിരിക്കണം. ഇല ഇടുമ്പോള്‍ അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം.
പൊതുവായി സദ്യ വിളമ്പുന്ന രീതിയുണ്ട്. കായനുറുക്ക്, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വിളമ്പും. തെക്ക് ചിലയിടങ്ങളില്‍ കപ്പ വറുത്തതും എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാകും. പപ്പടവും ഇവിടെത്തന്നെയാണ് നൽകുക. ഇതോടൊപ്പം ഇടത്തും വലത്തും പഴം വെക്കുന്നവരും ഉണ്ട്.
പഴുത്ത ഞാലിപ്പൂവനാണ് തെക്ക് പ്രിയം. ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും. തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പുന്നു. കാളന് വലത്തേയറ്റത്താണ് വിളമ്പുക. കറിയെല്ലാം വിളമ്പിയാല്‍ പിന്നെ ചോറ് വിളമ്പാം. ഇലയുടെ താഴെ ഭാഗത്ത് മധ്യത്തിൽ ആദ്യം ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും. പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗമാണ് കഴിക്കുക. അതിനു ശേഷം കറികള്‍ കൂട്ടി സദ്യ കഴിക്കാന്‍ സാമ്പാര്‍ വിളമ്പുകയായി. സാമ്പാര്‍ കഴിഞ്ഞാല്‍ പുളിശ്ശേരി എന്നാണ് പതിവ്.
കാളന് മാത്രമാണെങ്കില്‍ ഏറ്റവും അവസാനം അല്പം ചോറുകൂട്ടി കഴിക്കും. സാമ്പാര്‍ കഴിഞ്ഞാല്‍ വീണ്ടും അല്പം ചോറ്, പിന്നെ മോര്, രസം ഇങ്ങനെയാണ്. ചിലയിടങ്ങളില്‍ സാമ്പാര്‍ കഴിഞ്ഞാല്‍ പ്രഥമന്‍ നൽകും. പരിപ്പ് കഴിഞ്ഞാല്‍ കാളനും സാമ്പാറും ഒരുമിച്ച് വിളമ്പുന്ന രീതിയുമുണ്ട്. ചോറ് കഴിഞ്ഞ് പായസം. പായസം കഴിഞ്ഞ് മോരും രസവും അൽപം ചോറു വാങ്ങി കഴിക്കുന്ന രീതിയുമുണ്ട് ചിലയിടങ്ങളിൽ. മികച്ച രീതിയില്‍ വിളമ്പിയാല്‍ സദ്യയൂണും ഗംഭീരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

