നിരത്തിൽ പഴയ പടക്കുതിരകൾ; വിന്റേജ് പ്രൗഢിയോടെ ജാവ യെസ്ഡി സംഗമം
text_fieldsമലപ്പുറം: ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്ന ജാവ യെസ്ഡി ബൈക്കുകൾ മലപ്പുറത്ത് ഒരിക്കൽ കൂടി സംഗമിച്ചപ്പോൾ വാഹന പ്രേമികൾക്കതൊരു ‘പ്രൗഢിയുള്ള‘കാഴ്ചയായി. രാജ്യാന്തര ജാവ ദിനത്തോടനുബന്ധിച്ച് മലപ്പുറം മുണ്ടു പറമ്പിൽ കഴിഞ്ഞദിവസം 40ഓളം ജാവ യെസ്ഡി ബൈക്കുകളാണ് സംഗമിച്ചത്.
വ്യത്യസ്ത മോഡലുകളിലും വിവിധ നിറങ്ങളിലും ജാവ യെസ്ഡി ബൈകുകൾ അണി നിരന്ന് റൈഡ് നടത്തിയപ്പോൾ പഴകാല ബൈകുകളുടെ വസന്തകാല വീണ്ടും വന്നെത്തിയ പ്രതീതിയായിരുന്നു മലപ്പുറത്ത്. ‘ടീം ഏറനാട്’മലപ്പുറം ജാവ യെസ്ഡി വിന്റേജ് മോട്ടർസൈക്കിൾ ക്ലബ്ബായിരുന്നു സംഗമത്തിന്റെ സംഘാടകർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നാൽപതോളം ജാവ യെസ്ഡി ഉടമകൾ സംഗമത്തിന്റെ ഭാഗമാകാൻ കുതിച്ചെത്തിയത്. ചെറുപ്പുകാർ മുതൽ മുതിർന്നവർ വരെ കൂട്ടായ്മയുടെ ഭാഗമാണ്.
മുണ്ടുപറമ്പിലൂടെ ഒരുമിച്ചുള്ള സവാരിക്കുശേഷമാണ് അംഗങ്ങളുടെ സംഗമം നടന്നത്. ‘ടീം ഏറനാട്’മലപ്പുറം ജാവ യെസ്ഡി വിന്റേജ് മോട്ടർസൈക്കിൾ ക്ലബ് ജോയിന്റ് സെക്രട്ടറി വിദ്യാധരൻ കാളികാവ്, പ്രസിഡന്റ് സന്തോഷ് വെങ്ങാട്, വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പനങ്ങാങ്ങര, സെക്രട്ടറി സൽമാൻ മക്കരപ്പറമ്പ് തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു.
ഒരുകാലത്ത് ഇരുചക്ര വാഹന പ്രേമികൾക്കിടയിലെ അഭിമാനത്തിന്റെ പേരുകളായിരുന്നു ജാവ, യെസ്ഡി ബൈക്കുകൾ. 1960കളിലാണ് വിദേശ ബ്രാൻഡായ ജാവ ഇന്ത്യയിലെത്തി വിപണി കീഴടക്കിയത്. പിന്നീട് 1970കളിൽ യെസ്ഡി ബ്രാൻഡ് കൂടെ കളത്തിലിറങ്ങി ബൈക്ക് ആരാധകരുടെ ഇഷ്ട സഞ്ചാരിയായി. റോഡുകളിൽ വേറിട്ട ശബ്ദവും കരുത്തുമായി യുവാക്കളുടെയും ബൈക്ക് ആരാധകരുടെയും മനസ് കീഴടക്കിയാണ് അവർ പിന്നീട് പതിയെ കളം വിട്ടത്. ഇപ്പോഴും നിരവധിപേർ ഇന്ത്യയിൽ പഴയ ജാവ-യെസ്ഡി ബൈക്കുകൾ ‘പൊന്നു’പോലെ പരിപാലിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇത്തരം ‘വിന്റേജ്’ സംഗമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

