പാമ്പുകളുടെ ആവാസകേന്ദ്രമായി പഴയ ബുക്ക് ഡിപ്പോ
text_fieldsകോട്ടപ്പടി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പഴയ ബുക്ക് ഡിപ്പോ കെട്ടിടം
മലപ്പുറം: കോട്ടപ്പടി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പഴയ ബുക്ക് ഡിപ്പോ കെട്ടിടം പാമ്പുകളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാകുന്നു. ഇത് സമീപത്തെ സ്കൂളിലെ വിദ്യാർഥികൾ, താൽക്കാലികമായി പ്രവൃത്തിക്കുന്ന ശിക്ഷക് സദനിലെ ജില്ല വിദ്യാഭ്യാസ ഉപഡറക്ടറുടെ ഓഫിസിലെ ജീവനക്കാർ, ടീച്ചേഴ്സ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഭീഷണിയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം നിലയിൽനിന്ന് പാമ്പിനെ സ്നേക്ക് റെസ്ക്യൂവർ പിടികൂടിയിരുന്നു. തുടർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് ഡിപ്പോ കെട്ടിടത്തിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ടിലേറെ പാമ്പുകളെ കണ്ടെത്തിയിരുന്നു. ഡിപ്പോയിലെ ദ്രവിച്ച പുസ്തക കെട്ടുകളിലും മാളങ്ങളിലുമാണ് ഇവയുടെ താമസം. വിദ്യാർഥികളുടെ സുരക്ഷക്ക് ഇത് ഭീഷണിയാണെന്ന് കാണിച്ച് സ്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
2019ൽ വയനാട്ടിലും ചാലക്കുടിയിലും 2024 ഡിസംബറിൽ തിരുവനന്തപുരത്ത് ചെങ്കൽ ഗവ.യു.പി സ്കൂളിലും വിദ്യാർഥികൾക്ക് പാമ്പുകടിയേറ്റിരുന്നു. സമാന സാഹചര്യം സംബന്ധിച്ച ആശങ്കയുണ്ട്. നൂറിലധികം വിദ്യാർഥികളാണ് ദിനം പ്രതി പഴയ ബുക്ക് ഡിപ്പോയുടെ സമീപത്ത് കൂടി കടന്ന് പോകുന്നത്. കൂടാതെ നിരവധി ആവശ്യങ്ങൾക്കായി ഡി.ഡി.ഇ ഓഫിസിലെത്തുന്നവരും ഇതുവഴിയാണ് യാത്ര.
മേൽക്കൂരയും വാതിലും ജനലുമെല്ലാം പാതി തകർന്ന നിലയിലാണ് പഴകിയ കെട്ടിടം. കെട്ടിടത്തിന്റെ പിറക് വശം കാട് പിടിച്ച സ്ഥിതിയുമുണ്ട്. പ്രശ്നത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും സമീപത്തെ ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

