ബസ് യാത്രക്കിടെ വയോധികക്ക് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍; ജീവന്‍ തുണയായി മാലാഖ
text_fieldsഅരീക്കോട്: ഓടുന്ന ബസില്‍ മസ്തിഷ്‌കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടമാക്കിയ വയോധികക്ക് രക്ഷകയായി അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്‌സ്. പെരുമ്പാവൂരില്‍നിന്ന് അരീക്കോട്ടേക്കുള്ള യാത്രക്കിടെ സഹയാത്രികയായ 60കാരിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയാണ് അരീക്കോട് സ്വദേശിയായ ആതിര മണിക്കുട്ടന്‍ വയോധികയുടെ ജീവന്‍ രക്ഷിച്ചത്. മെഡിക്കല്‍ എം.ഐ.സി.യു വിഭാഗത്തില്‍ വര്‍ഷങ്ങളായി അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യുന്ന ആതിരയുടെ അനുഭവസമ്പത്താണ് വയോധികക്ക് രക്ഷയായത്.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍വെച്ചാണ് സഹയാത്രികയുടെ മുഖത്തുണ്ടായ നേരിയ കോട്ടം, സംസാരത്തിലെ തടസ്സം, കൈകാലുകളുടെ തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ആതിരയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍, സാധാരണ പ്രഷര്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത മാത്രമാണിതെന്നും കുറച്ചുകഴിയുമ്പോള്‍ ശരിയാകുമെന്നും പറഞ്ഞ് വയോധികയും കൂടെയുള്ളവരും സംഭവം നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചു. ലക്ഷണങ്ങള്‍ സ്‌ട്രോക്കിന്റേതാണെന്ന് ഉറപ്പിച്ച ആതിര ഉറച്ച നിലപാടെടുത്തു. ബസ് ഉടന്‍ തൊട്ടടുത്ത അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് വയോധികയെ എത്തിക്കുകയും അടിയന്തര പരിശോധനക്ക് വിധേയയാക്കുകയും ചെയ്തതോടെയാണ് ജീവന്‍ രക്ഷിക്കാനായത്. പരിശോധനയില്‍ സ്‌ട്രോക്കിന്റെ പ്രാരംഭഘട്ടമാണെന്ന് സ്ഥിരീകരിക്കുകയും തക്കസമയത്ത് ശാസ്ത്രീയ ചികിത്സ നല്‍കി അപകടനില തരണം ചെയ്യുകയും ചെയ്തു. ആതിരയുടെ സമയോചിത ഇടപെടലിനെ അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റല്‍ സി.ഒ.ഒ റോബിന്‍ സി.വിയും സി.എം.എസ് ഡോ. നിഹ്മത്തുല്ല എന്നിവരും ചേര്‍ന്ന് ആദരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

