പല്ലാർപാടത്ത് കണ്ണിനഴകായി കന്യാസ്ത്രീ കൊക്കുകൾ
text_fieldsതിരുനാവായ: നീർപക്ഷികളാൽ ശ്രദ്ധേയമായ സൗത്ത് പല്ലാർ പാടശേഖരങ്ങളിൽ കന്യാസ്ത്രീ കൊക്കുകൾ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക്) വിരുന്നിനെത്തി. കരുവാരക്കുരു, കരിം കൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. ഏകദേശം ഒരു മീറ്ററോളം പൊക്കമുള്ള ഇവയുടെ ചിറകും തലയുടെ മുകളിൽ തിളങ്ങുന്ന ചെമ്പിച്ച കറുപ്പ് നിറവും ഉദരവും വാലിന്റെ അടിഭാഗവും തൂവെള്ളയും നീണ്ട കഴുത്തും കറുത്ത കണ്ണുകളും നീളമേറിയ ചുവന്ന കാലുകളുമാണ് ഇവയുടെ ശരീരഘടന.
വെള്ള അരിവാൾ കൊക്ക്, ചേര കൊക്കൻ എന്നിവയും എത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ കന്യാസ്ത്രീ കൊക്കുകൾ ഡിസംബർ മാസത്തോടെ കൂട് വെച്ച് മുട്ടയിടാൻ തുടങ്ങും. പല്ലാറിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി അമ്പതിലധികം കന്യാസ്ത്രീ കൊക്കുകളെ കണ്ടുവരുന്നതായി പ്രദേശവാസിയും പക്ഷി നിരിക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു. ചേര കൊക്കന്റെ കേരളത്തിലെ ഏറ്റവും വലിയ കൊറ്റില്ലങ്ങൾ ഇവിടെയാണുള്ളത്. ഇവർക്കിണങ്ങിയ ജീവിത സാഹചര്യങ്ങളാണ് നിരവധി നീർപക്ഷികളെ ഇവിടേക്കാകർഷിക്കുന്നത്. വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണവും ചേക്കാറാൻ കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

